rahul-and-priyanka

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെൺകുട്ടികളെ സംരക്ഷിക്കുന്നതിന്​ പകരം യു.പി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

' 'ബേട്ടി ബച്ചാവോ (പെൺകുട്ടികളെ രക്ഷിക്കൂ) എന്നായിരുന്നു തുടക്കം.

ഇപ്പോൾ 'കുറ്റവാളികളെ രക്ഷിക്കൂ' എന്ന രീതിയിലാണ്.'- പെൺകുട്ടിയെ ആക്രമിച്ചയാളെ ബി.ജെ.പി എം.എൽ.എ പൊലീസ്​ കസ്​റ്റഡിയിൽ നിന്ന്​ മോചിപ്പിച്ച പത്രവാർത്തയോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു.

ബി​.ജെ.പി എം.എൽ.എയും പാർട്ടി പ്രവർത്തകരും ചേർന്ന്​ പൊലീസ്​ സ്​റ്റേഷനിൽ അതിക്രമിച്ച്​ കടക്കുകയും പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോകുകയുമായിരുന്നു. സംഭവത്തിന്റെ റിപ്പോർട്ടുകൾ പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ ഷെയർ ചെയ്​തു. സംസ്​ഥാന​ത്തെ നീതിന്യായ വ്യവസ്​ഥ തകർന്നടിഞ്ഞതായും പ്രിയങ്കപറഞ്ഞു.

ഹാഥ്‌രസ്​ സംഭവത്തിന്​ ശേഷം യു.പി സർക്കാരിനെതിരായ വിമർശനം കോൺഗ്രസ്​ ശക്തമാക്കിയിരുന്നു.