
പാരിസ്: രോഗമുക്തി ലഭിക്കാതെ ദീർഘകാലമായി പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് ദയാവധം അനുവദിക്കാനായി മരുന്നും ഭക്ഷണവുമുപേക്ഷിച്ച് സമരം ചെയ്ത ഫ്രഞ്ച് സ്വദേശി അലൈൻ കോക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പട്ടതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ഇതേ ആവശ്യമുന്നയിച്ച് അലൈൻ നടത്തുന്ന രണ്ടാമത്തെ സമരമാണിത്.തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്.
രക്തധമനികളുടെ ഭിത്തികൾ തമ്മിൽ ഒട്ടിച്ചേരുന്ന അപൂർവവും അത്യധികം വേദനയുളവാക്കുന്നതുമായ രോഗത്തിനടിമയാണ് അലൈൻ. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഇദ്ദേഹം വർഷങ്ങളായി തുടരുന്ന രോഗാവസ്ഥയിൽ നിന്ന് തനിക്ക് മോചനം വേണമെന്നാവശ്യപ്പെട്ടാണ് മരിക്കാനുള്ള അവകാശം തേടുന്നത്.
ദയാവധത്തിനെതിരെ ഫ്രാൻസിൽ നിലവിലുള്ള കർശനനിയമങ്ങളിൽ ഭേദഗതി വരുത്താൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശ്രദ്ധയാകർഷിക്കാൻ സെപ്തംബറിൽ ഇതേ രീതിയിൽ അലൈൻ പ്രതിഷേധിക്കുകയും തന്റെ മരണത്തിന്റെ ലൈവ് സ്ട്രീമിങ്ങിനൊരുങ്ങുകയും ഫേസ്ബുക്ക് അത് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.