
വാഷിംഗ്ടൺ: നവരാത്രി ആശംസകളുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമല ഹാരിസും.
ഹിന്ദു ആഘോഷമായ നവരാത്രി ആരംഭിക്കുന്ന അവസരത്തിൽ, ഞാനും ജില്ലും അമേരിക്കയിലും ലോകമെമ്പാടും നവരാത്രി ആഘോഷിക്കുന്നവർക്ക് ആശംസ അറിയിക്കുന്നു.
തിന്മയുടെ മേൽ വിജയം നേടാൻ നന്മയ്ക്കാവട്ടെ. എല്ലാവർക്കും ഒരു പുതിയ തുടക്കവും അവസരവും ലഭിക്കട്ടെ - ബൈഡൻ ട്വീറ്റ് ചെയ്തു.
ഡഗ്ലസും ഞാനും ഞങ്ങളുടെ എല്ലാ ഹിന്ദു - അമേരിക്കൻ സുഹൃത്തുക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, ആഘോഷത്തിലേർപ്പെടുന്ന എല്ലാവർക്കും നവരാത്രി ആശംസകൾ നേരുന്നു.ഈ ആഘോഷവേള നമ്മുടെ സമൂഹത്തിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിക്കാനുള്ള പ്രേരണയാവട്ടെ. അതിലൂടെ കൂടുതൽ മെച്ചപ്പെട്ട അമേരിക്ക പടുത്തുയർത്താൻ സാധിക്കട്ടെ - കമല കുറിച്ചു.
തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകളും നിർണായകമാണെന്നിരിക്കെയാണ് ബൈഡനും കമലയും ഹിന്ദു സമൂഹത്തിന് അശംസകളുമായെത്തിയത്. നേരത്തെ ആഗസ്റ്റ് മാസത്തിൽ ഇരുവരും ഗണേശ ചതുർത്ഥി ആശംസകളും നേർന്നിരുന്നു.
അമേരിക്കയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരുടേത്. നേരത്തെ കാർനെഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസും, ജോൺസ് ഹോപ്കിൻസ്-സെയ്സും പെൻസിൽവാനിയ സർവകലാശാലയുമായി സഹകരിച്ച് നടത്തിയ സർവേയിൽ ഇന്ത്യൻ വംശജരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ ജോ ബൈഡനാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
സർവേയിൽ പങ്കെടുത്ത ഇന്ത്യൻ വംശജരിൽ 72 ശതമാനം പേരും തങ്ങളുടെ പിന്തുണ ജോ ബൈഡനാണെന്നാണ് വ്യക്തമാക്കിയത്.
22 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലഭിച്ചത്.
ബാക്കിയുള്ള ആളുകളിൽ ചിലർ മറ്റു സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തപ്പോൾ ചിലർ വോട്ട് ചെയ്യാൻ താൽപ്പര്യമില്ലെന്നായിരുന്നു രേഖപ്പെടുത്തിയത്.