ironman-baloon-at-up

ലക്‌നൗ: യു.പി ഗ്രേറ്റർ നോയിഡയിലെ ഡങ്കോർ ടൗണിലെ താമസക്കാർ ശനിയാഴ്ച ഒരു അപൂർവ ദൃശ്യം കണ്ടു. ആകാശത്ത് പറന്നുനടക്കുന്ന ഒരു മനുഷ്യ രൂപം. പലയിടങ്ങളിലായി ഇങ്ങനെ പലരും കണ്ടതോടെ അന്യഗ്രഹ ജീവികൾ ഇറങ്ങിയെന്ന അഭ്യൂഹം. ആകാശത്ത് അന്യഗ്രഹജീവിയല്ല, അത് അയൺമാൻ ആണെന്ന് ചിലർ തിരിച്ചറിഞ്ഞു. പറക്കുംരൂപത്തെ കണ്ടവരിൽ ചിലരെല്ലാം ഭയന്നു വിറച്ചു. താമസിയാതെ 'ഈ പറക്കും ഭീകരൻ' ഭട്ട പാർസോൾ ഗ്രാമത്തിനടുത്തെ ഒരു കനാലിൽ ഇറങ്ങിയെന്ന് വാർത്ത പരന്നു. കനാലിലൂടെ അന്യഗ്രഹജീവി ഒഴുകുന്ന വിവരമറിഞ്ഞ് ആളുകൾ ഓടിക്കൂടി. പൊലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്യഗ്രഹ ജീവിയുടെ രഹസ്യം പുറത്തായത്. സാങ്കല്പിക അതിമാനുഷിക കഥാപാത്രമായ അയൺ മാൻ രൂപത്തിലുള്ള കൂറ്റനൊരു ബലൂണായിരുന്നു പലയിടത്തും പറന്ന് ആളുകളെ ഭീതിയിലാക്കിയത്. 'റോബോട്ടിനോട് സാമ്യമുള്ള ഗ്യാസ് ബലൂണായിരുന്നിത്. ബലൂൺ പിന്നീട് കനാലിനടുത്തുള്ള കുറ്റിക്കാട്ടിൽ കുടുങ്ങി. ബലൂണിന്റെ ഒരു ഭാഗം കനാലിലെ വെള്ളത്തിലുമായിരുന്നു. ബലൂണിന്റെ ആകൃതി കണ്ട് ആളുകൾ ഉത്കണ്ഠാകുലരായി. ബലൂണിലെ വാതകം തീർന്നിരിക്കണം.അതാകാം വീണത്."-പൊലീസ് വ്യക്തമാക്കി.