brahmos

ന്യൂഡൽഹി:അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന മിസൈൽ പരീക്ഷണങ്ങളുടെ തുടർച്ചയായി ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ നാവിക സേനാ പതിപ്പ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു. 40 ദിവസങ്ങൾക്കുള്ളിൽ നടത്തുന്ന പത്താമത്തെ മിസൈൽ പരീക്ഷണമാണിത്.അറബിക്കടലിൽ നേവിയുടെ നശീകരണക്കപ്പലായ ഐ. എൻ. എസ് ചെന്നൈയിൽ നിന്ന് വിക്ഷേപിച്ച ബ്രഹ്മോസ് മിസൈൽ കൃത്യതയോടെ സമുദ്രത്തിലെ ലക്ഷ്യത്തിൽ പതിച്ചതായി നേവി അധികൃതർ അറിയിച്ചു.

കടലിലെ ദീർഘദൂര ശത്രുലക്ഷ്യങ്ങൾ അതീവ കൃത്യതയോടെ തകർക്കാൻ ഉതകും.

ബ്രഹ്‌മോസ് സർഫസ് ‌ടു സർഫസ് ക്രൂസ് മിസൈലും രുദ്രം -1 ആന്റി റേഡിയേഷൻ മിസൈലും കഴിഞ്ഞ ആഴ്ചകളിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യത്തെ ആന്റി റേഡിയേഷൻ മിസൈലാണ് രുദ്രം. ലേസർ നിയന്ത്രിത ടാങ്ക് വേധ മിസൈൽ,​ ആണവായുധ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ ശൗര്യ എന്നിവയും അടുത്തിടെ പരീക്ഷിച്ചിരുന്നു.

290 കിലോമീറ്റർ റേഞ്ചുള്ള ബ്രഹ്മോസ് മിസൈലുകൾ ലഡാക്കിലും അരുണാചൽ പ്രദേശിലും വിന്യസിച്ചതിന് പിന്നാലെയാണ് വിവിധ മിസൈലുകൾ പരീക്ഷിക്കുന്നത്.

കരയിൽ നിന്നും വിമാനത്തിൽ നിന്നും കപ്പലിലും അന്തർവാഹിനിയിലും നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ മൂന്ന് സേനകളുടെയും പക്കലുമുണ്ട്.

ബ്രഹ്മപുത്ര,മസ്ക്വ... ബ്രഹ്മോസായി

നിർമ്മാണം: ഇന്ത്യ - റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് ഏയ്റോസ്‌പേസ്

പേര്: ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മസ്‌ക്വ നദിയുടെയും പേരുകൾ ചേർത്ത്

വേഗത: മണിക്കൂറിൽ 3,​700 കിലോമീറ്റർ (ശബ്ദത്തിന്റെ മൂന്ന് മടങ്ങ്. ലോകത്തെ ഏറ്റവും വേഗതയുള്ള സൂപ്പർസോണിക് ക്രൂസ് മിസൈൽ)

നിർമ്മാണ കേന്ദ്രം: ഹൈദരാബാദ്, തിരുവനന്തപുരം (ചാക്ക) പുതിയത് മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ സ്ഥാപിക്കും

40 നാൾ, 10 പരീക്ഷണങ്ങൾ

1.ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്‌ട്രേഷൻ വെഹിക്കിൾ

2. അഭ്യാസ് - ഹൈസ്‌പീഡ് ഏരിയൽ ടാർഗറ്റ്

3. ലേസർ നിയന്ത്രിത ടാങ്ക് വേധ മിസൈൽ

4. പൃഥ്വി - 2 രാത്രി പരീക്ഷണം

5. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ

6. ലേസർ നിയന്ത്രിത ടാങ്ക് വേധ മിസൈൽ - 1

7. ഹൈപ്പർ സോണിക് ശൗര്യ ന്യൂക്ലിയർ മിസൈൽ

8. സൂപ്പർ സോണിക് മിസൈൽ - സ്‌മാർട്ട് ടോർപ്പിഡോ റിലീസ്

9. ആന്റി റേഡിയേഷൻ മിസൈൽ രുദ്രം

10. ബ്രഹമോസ് നേവി പതിപ്പ്