
ബേൺ: പതിനെട്ട് വർഷം ഫ്രീയായി ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചാലോ?..പിന്നെ വേറെയൊന്നും വേണ്ടല്ലേ..സ്വിസ് സ്റ്റാർട്ട്-അപ്പ് കമ്പനി ആയ ട്വിഫിയാണ് ഇത്തരമൊരു ഓഫർ മുന്നോട്ട് വച്ചിരിക്കുന്നത്. പക്ഷെ, വെറുതെ കിട്ടുമെന്ന് കരുതണ്ട. നിങ്ങൾക്ക് ജനിക്കുന്ന കുട്ടിയ്ക്ക് കമ്പനിയുടെ പേരിടണം. പെൺകുട്ടി ആണെങ്കിൽ ട്വിഫിയ എന്നും ആൺകുട്ടി ആണെങ്കിൽ ട്വിഫസ് എന്നും പേരിടണം.
"കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റും ഫോട്ടോയും സഹിതം സമൂഹമാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയേ വേണ്ടൂ. പരിശോധനകൾക്ക് ശേഷം ട്വിഫി നിങ്ങൾക്ക് 18 വർഷം വൈഫൈ സൗജന്യമായി നൽകും" പരസ്യത്തിൽ കമ്പനി വ്യക്തമാക്കുന്നു.
സൗജന്യമായി വൈഫൈ ലഭിച്ചാലും സ്വന്തം കുട്ടിയ്ക്ക് ആരെങ്കിലും ഇങ്ങനെയുള്ള പേരിടുമോ എന്ന് ചിന്തിക്കാൻ വരട്ടെ,.
30-ഉം 35-ഉം വയസുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മാതാപിതാക്കൾ തങ്ങളുടെ പെൺകുഞ്ഞിന് പേരിട്ടത് ട്വിഫിയ എന്നാണ്.
അടുത്ത പതിനെട്ട് വർഷം വൈഫൈയ്ക്ക് വേണ്ടി ചിലവഴിക്കേണ്ട തുക തങ്ങൾ ട്വിഫിയയ്ക്കായി സമ്പാദ്യമായി കരുതുമെന്നാണ് മാതാപിതാക്കൾ പറയുന്നത്. 
ഈ പണം ഉപയോഗിച്ച് ട്വിഫിയയ്ക്ക് ഒരു കാർ വാങ്ങാൻ സാധിച്ചേക്കുമെന്നാണ് ഇവരുടെ വിശ്വാസം.
"ട്വിഫിയ എന്ന പേരിനെപ്പറ്റി കൂടുതൽ ആലോചിക്കുന്തോറും ആ പേര് കൂടുതൽ വ്യത്യസ്തത നിറഞ്ഞതാണെന്ന് തോന്നി. അതാണ് ആ പേര് തന്നെ കുട്ടിക്കിട്ടത്. 
ഭാര്യ ആദ്യം ഈ പേരിനെ എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു - കുട്ടിയുടെ പിതാവ് പറഞ്ഞു
ട്വിഫിയ എന്ന പേര് ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും മാത്രമല്ല അതൊരു 'സ്വീറ്റ്' പേരാണെന്നും പിതാവ് അവകാശപ്പെടുന്നു. എന്തായാലും പറഞ്ഞ വാക്ക് പാലിക്കും എന്ന് ട്വിഫി വ്യക്തമാക്കിയിട്ടുണ്ട്. 'ഇത് അഭിമാനത്തിന്റെ പ്രശ്നം ആണ്. കമ്പനി അടച്ചുപൂട്ടി പോയാലും അടുത്ത പതിനെട്ട് വർഷത്തെ ട്വിഫിയയുടെ കുടുംബത്തിന്റെ വൈഫൈ ചിലവ് ഞങ്ങൾ തന്നെ വഹിക്കും '- കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഫിലിപ്പ് ഫോട്ച് പറഞ്ഞു.