jose-k-mani-pc-thomas

തിരുവനന്തപുരം: അവഗണനകൾ സഹിച്ച് എൻ.ഡി.എയിൽ തുടരുന്നതിൽ അസംതൃപ്‌തിയുണ്ടെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് 'ഫ്ളാഷി"നോട്. ബി.ജെ.പി കേന്ദ്ര നേതൃത്വം വാക്കുകളൊന്നും പാലിച്ചില്ലെന്ന് പറയുന്ന അദ്ദേഹം ജോസ് കെ. മാണി എൻ.ഡി.എയിലേക്ക് വരാമെന്ന് തന്നോട് പറഞ്ഞിരുന്നതായും തുറന്നു പറയുന്നു. ജോസ് കെ. മാണിയുടെ ഇടതുപ്രവേശത്തിന് പിന്നാലെയാണ് ഇക്കാര്യം പി.സി. തോമസ് വെളിപ്പെടുത്തുന്നത്. പി.സി. തോമസ് 'ഫ്ളാഷി"നോട് സംസാരിക്കുന്നു.

കേരള കോൺഗ്രസ് എൻ.ഡി.എ വിടുന്ന തീരുമാനം ഉടനെയുണ്ടാകുമോ?

മുന്നണി വിടുന്ന തീരുമാനമൊന്നും ഞങ്ങൾ എടുത്തിട്ടില്ല. ഉടനെയുണ്ടാകുമോയെന്ന് പറയാൻ വയ്യ. എൻ.ഡി.എയിൽ ചില കാര്യങ്ങളെ സംബന്ധിച്ച് തീരുമാനങ്ങളുണ്ടായിരുന്നു. ബോർഡ്-കോർപ്പറേഷൻ സ്ഥാനമാനങ്ങളെ സംബന്ധിച്ച കാര്യങ്ങളാണ്. അത് നടക്കാതെ ഇങ്ങനെ നീണ്ടുനീണ്ടു പോവുകയാണ്. നീണ്ടപ്പോൾ ഞാൻ സംസാരിക്കാൻ തുടങ്ങിയിരുന്നു.

ബി.ജെ.പി നേതാക്കൾ എന്താണ് പറയുന്നത്?

കേരളത്തിലെ നേതാക്കന്മാ‌ർക്ക് ഇതിൽ റോളൊന്നുമില്ല. ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. പറഞ്ഞ കാര്യങ്ങൾ നടന്നിട്ടില്ലെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾക്ക് അറിയാം. അവർക്ക് അതിൽ വിഷമമുണ്ട്. എൻ.ഡി.എ വിട്ടു പോകുമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടില്ല.

ദേശീയ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടോ?

നേരത്തെ അദ്ധ്യക്ഷനെന്ന നിലയിൽ ഉറപ്പുകളൊക്കെ തന്നത് അമിത് ഷാ ആയിരുന്നു. ഇപ്പോൾ നേതൃത്വം മാറി. ഇടയ്‌ക്ക് മെയിലൊക്കെ ഞാൻ അയക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജെ.പി നഡ്ഢയെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം ബീഹാറിൽ പോയതു കൊണ്ട് കിട്ടിയില്ല. നേതൃത്വം മാറിയതിന്റെ ചില ബുദ്ധിമുട്ടുകളുണ്ട്. നേരത്തെ നഡ്ഢയോട് സംസാരിച്ചപ്പോൾ അമിത്ഷാ ഏറ്റ കാര്യം ആയതു കൊണ്ടു അദ്ദേഹത്തിന്റെയടുത്ത് കൂടി സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. നഡ്ഢയോട് പറയാമെന്നും നടപ്പാക്കുന്ന കാര്യം ഞാൻ നോക്കി കൊളളാമെന്നുമാണ് അമിത്ഷാ പറഞ്ഞത്. പിന്നെ പുളളിക്ക് അസുഖമൊക്കെ വന്നതു കൊണ്ടാണോയെന്ന് അറിയില്ല; അത് നടന്നില്ല.

പാർട്ടിയ്‌ക്കകത്ത് മുന്നണി വിടണം എന്ന അഭിപ്രായമുണ്ടോ?

ഈ പ്രശ്‌നത്തിൽ പരിഹാരം കാണണമെന്ന അഭിപ്രായമുണ്ട്.

കോൺഗ്രസ് നേതാക്കളുമായാണോ പി.ജെ. ജോസഫ് വിഭാഗവുമായാണോ ഇപ്പോൾ ചർച്ചകൾ നടക്കുന്നത്?

ഔദ്യോഗികമായി ആരോടും സംസാരിച്ചിട്ടില്ല. അനൗദ്യോഗികമായി ചർച്ചകൾ നടക്കുന്നുണ്ട്. നമ്മൾ കൂട്ടുകാരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്.

ജോസ് കെ. മാണിയുടെ എൽ.ഡി.എഫ് പ്രവേശത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ജോസിനൊപ്പം അങ്ങോട്ടേക്ക് പോകാൻ പലരും തയ്യാറല്ല. ജോസ് വിഭാഗത്തിന് ഈ കൂടുമാറ്റം വലിയ ക്ഷീണമാകും. എൽ.ഡി.എഫിൽ നിന്ന് വിചാരിക്കുന്നതൊന്നും കിട്ടാൻ പോകുന്നില്ല. ഇപ്പോൾ ജോസിനൊപ്പം നിൽക്കുന്നവർ പോലും സംതൃപ്‌തരല്ല. വല്ലാത്ത സ്ഥിതിയാണെന്നാണ് അവരൊക്കെ സംസാരിക്കുമ്പോൾ പറയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മുന്നണിയിലെ ഐക്യമില്ലായ്‌മ എൻ.ഡി.എയെ ബാധിക്കില്ലേ?

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നുണ്ട്. തീരുമാനങ്ങൾ ചിലത് എടുത്തിട്ടുണ്ട്. ചില സീറ്റുകൾ ആർക്കൊക്കെ എന്നെല്ലാം ധാരണയായിട്ടുണ്ട്. അക്കാര്യങ്ങളൊക്കെ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് നി‌ർദേശം നൽകിയിരിക്കുന്നത്.

കേരള കോൺഗ്രസ് എന്ന ബ്രാക്കറ്റില്ലാത്ത പേരിന് വേണ്ടി പി.ജെ ജോസഫും പി.സി തോമസും ഒന്നിക്കുന്നുവെന്ന് സൂചനകളുണ്ടായിരുന്നു. അതിപ്പോൾ എന്തായി?

അതിൽ സാങ്കേതികമായ ചില ബുദ്ധിമുട്ടുകളുണ്ട്. കേരള കോൺഗ്രസ് എം എന്ന പേര് സ്വന്തമാക്കുകയാണ് ഇപ്പോൾ പി.ജെ ജോസഫിന്റെയും ജോസ് കെ. മാണിയുടെയും ആവശ്യം. അല്ലെങ്കിൽ അവർക്ക് അത് ഉപദ്രവമാകും. വിപ്പ് ലംഘനം അടക്കമുളള വിഷയങ്ങളുണ്ട്. കേരള കോൺഗ്രസ് എം എന്ന പേര് ജോസഫിന് കിട്ടിയില്ലെങ്കിൽ എൽ.ഡി.എഫ് സ്വാധീനം ഉപയോഗിച്ച് ജോസ് കെ. മാണി അവരെ അയോഗ്യരാക്കാൻ ശ്രമിക്കും.

പി.സി ജോർജ് യു.ഡി.എഫിലേക്ക് പോകാൻ ശ്രമം നടത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പൊക്കെ അടുത്ത സാഹചര്യത്തിൽ അതാണ് ഉചിതമെന്ന് തോന്നുന്നില്ലേ?

എൻ.ഡി.എയിലെ പ്രശ്‌നങ്ങൾ ഇതിനകത്ത് തന്നെ പരിഹരിച്ച് പോകാവുന്നതേ ഉളളൂ. അത് പരിഹരിച്ച് പോകാത്തതിലുളള വിഷമമുണ്ട്.

പരിഹരിച്ചില്ലെങ്കിൽ മുന്നണി വിടും?

അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. പക്ഷേ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്നണി വിടാനുളള തീരുമാനം ഉണ്ടായേക്കാം?

അവർ പരിഹരിക്കുമെന്നാണ് എന്റെ വിചാരം. നമ്മൾ ചോദിച്ചത് അത്രയും തന്നില്ലെങ്കിലും പകരം ആവശ്യപ്പെട്ട എന്തെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലും കേന്ദ്രത്തിലും യാതൊരു അധികാരവും നൽകാത്തത് പ്രവർത്തകരെ മടുപ്പിക്കില്ലേ?

എൻ.ഡി.എയിൽ കൂടുതൽ പ്രവർത്തകരേടെയും നേതാക്കളെയും ആകർഷിക്കേണ്ടതുണ്ട്. ജോസ് കെ. മാണിയോട് തന്നെ ഇങ്ങോട്ട് വരണമെന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു. അവസാനം പെട്ടെന്നാണ് അദ്ദേഹം എൽ.ഡി.എഫിലേക്ക് പോയത്. നിയമസഭയിൽ ജയിക്കുന്നത് പാടാകുമെന്നുളള എം.എൽ.എമാരുടെ എതിർപ്പ് കൊണ്ടാകാം മാറി ചിന്തിച്ചത്. എൽ.ഡി.എഫിലാണെങ്കിൽ പോലും ഇടുക്കി സീറ്റും തോമസ് ചാഴികാടന്റെ സീറ്റും ജയിക്കാൻ പാടാണ്. കുറച്ചെങ്കിലും സാദ്ധ്യത കാഞ്ഞിരപ്പളളിയിലുണ്ട്. എങ്കിൽ തന്നെയും കാഞ്ഞിരപ്പളളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കാണ് സാദ്ധ്യത.

അവർക്ക് എൽ.ഡി.എഫിൽ നിന്ന് ഈ സീറ്റൊക്കെ ജയിക്കാൻ പാടാണെന്ന് പറയുന്നു. എന്നാൽ, താങ്കൾക്ക് എൻ.ഡി.എയിൽ നിന്ന് നിയമസഭയിലേക്ക് വരിക അതിനെക്കാൾ ബുദ്ധിമുട്ടല്ലേ?

എൻ.ഡി.എ വളർത്താനായിട്ട് പല കാര്യങ്ങളും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനു വേണ്ടി ഞാൻ ഒത്തിരി ശ്രമിച്ചിട്ടുണ്ട്. അത് അവർക്ക് അറിയാം. എന്നാൽ, കേരളം പോലൊരു സംസ്ഥാനത്ത് ബി.ജെ.പി ദേശീയ നേതൃത്വം വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.