
സ്പാനിഷ് ലാ ലിഗയിൽ വമ്പന്മാരായ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും തോൽവി
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനും മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്കും അപ്രതീക്ഷിത തോൽവി. റയലിന് സ്വന്തം തട്ടകത്തിൽ വച്ച് ഈ സീസണിലെ നവാഗതരായ കാഡിസ് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ ബാഴ്സ ഗെറ്റാഫെയുടെ തട്ടകത്തിൽചെന്ന് ഇതേ മാർജിനിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
കാഡിസ് 1- റയൽ മാഡ്രിഡ് 0
ലാ ലിഗയിൽ ഏഴുമാസത്തിന് ശേഷമുള്ള ആദ്യ തോൽവിയാണ് റയൽ കാഡിസിൽ നിന്ന് ഏറ്റുവാങ്ങിയത്.16-ാം മിനിട്ടിൽ ഹോണ്ടുറാസുകാരൻ സ്ട്രൈക്കർ അന്തോണി ലൊസാനോ നേടിയ ഗോളാണ് മത്സരത്തിന്റെ വിധികുറിച്ചത്. റയലിന്റെ മുൻനിര ഡിഫൻഡർമാരായ ക്യാപ്ടൻ സെർജി റാമോസിനെയും റാഫേൽ വരാനെയെയും നിഷ്പ്രയാസം മറികടന്നാണ് ലൊസാനോ സ്കോർ ചെയ്തത്.
ഞെട്ടിപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയെങ്കിലും ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റയൽ. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് റയലിനുള്ളത്.10 പോയിന്റുള്ള ഗെറ്റാഫെയാണ് രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി കാഡിസ് മൂന്നാമതേക്ക് ഉയർന്നു.
1991ന് ശേഷം റയൽ മാഡ്രിഡിനെതിരെ കാഡിസ് നേടുന്ന ആദ്യ വിജയമാണിത്. റയലിന്റെ തട്ടകത്തിൽ കാഡിസ് ആദ്യമായാണ് വിജയിക്കുന്നതും.രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെട്ടാണ് ഈ സീസണിൽ കാഡിസ് ലാ ലിഗയിലേക്ക് എത്തിയത്.
ഗെറ്റാഫെ 1 -ബാഴ്സലോണ 0
പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ കീഴിലുള്ള ആദ്യ തോൽവിയാണ് മെസിയും സംഘവും കഴിഞ്ഞ രാത്രി ഗെറ്റാഫെയിൽ നിന്ന് ഏറ്റുവാങ്ങിയത്. സീസണിൽ ആദ്യമായാണ് ബാഴ്സ ലാ ലിഗയിൽ തോൽക്കുന്നതും. റയൽ കാഡിസുമായി തോറ്റതിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താമെന്ന് കരുതിയിറങ്ങിയ ബാഴ്സയെ 56-ാം മിനിട്ടിലെ പെനാൽറ്റി കിക്കിൽ നിന്ന് ജെയ്മി മാട്ട നേടിയഗോളാണ് കുടുക്കിലാക്കിയത്.ബാഴ്സ മിഡ്ഫീൽഡർ ഫ്രാങ്കീ ഡി ജോംഗ് ബോക്സിനുള്ളിൽവച്ച് ഡെയ്ൻ ഡാക്കോണാമിനെ ചവിട്ടിവീഴ്ത്തിയതിനായിരുന്നു പെനാൽറ്റി വിധിച്ചത്.
റയൽ മാഡ്രിഡുമായുള്ള സീസണിലെ ആദ്യ എൽ ക്ളാസിക്കോ ഈ വാരം നടക്കാനിരിക്കേ നാലുമത്സരങ്ങളിൽ നിന്ന് ഏഴുപോയിന്റ് മാത്രമുള്ള ബാഴ്സലോണ ഒൻപതാം സ്ഥാനത്താണ്.
സുവാരേസിന് ഗോൾ
ഈ സീസണിൽ ബാഴ്സലോണയിൽ നിന്ന് മാറി അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തിയ ലൂയിസ് സുവാരേസ് സെൽറ്റ ഡി വിഗോയ്ക്ക് എതിരായ മത്സരത്തിൽ ഗോളുമായി മിന്നിത്തിളങ്ങി. ആറാം മിനിട്ടിൽ സുവാരേസിന്റെ ഗോളിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോ ഇൻജുറി ടൈമിലെ കരാസ്കോയുടെ ഗോളും കൂടിയായപ്പോൾ 2-0ത്തിന് വിജയിക്കുകയും ചെയ്തു. ബാഴ്സ ഗെറ്റാഫെയോട് തോറ്റപ്പോഴായിരുന്നു സുവാരേസിന്റെ വിജയച്ചിരി.