
നവരാത്രിയുടെ രണ്ടാം ദിവസത്തെ ആരാധനയുടെ പ്രതീകം ബ്രഹ്മചാരിണിയാണ്. ആദിയോഗിയായ പരമശിവനെ സ്വന്തമാക്കാനുള്ള കഠിന തപസ്സിലാണ് ബ്രഹ്മചാരിണി. കഠിനവ്രതാഷ്ഠാനങ്ങളോടെ വർഷങ്ങൾ തപസ്സു ചെയ്യുന്ന ഭാവമാണ് ബ്രഹ്മചാരിണിയുടേത്.
ബ്രഹ്മചാരിണി സന്യാസ ജീവിതത്തെ പ്രതീകപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ ആയുധമായ നെടുവടിയാണ് കൈയിൽ സൂക്ഷിച്ചിരിക്കുന്നത്. ദക്ഷയുടെ മകൾ സതിയുടെ പുനർജ്ജന്മം. ആവർത്തിച്ചുള്ള നിരാകരണങ്ങൾക്കു ശേഷവും അവൾ തന്റെ ഭക്തിയെക്കുറിച്ച് ശിവനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
ശൈലപുത്രിയുടെ അടക്കാനാകാത്ത ഊർജ്ജത്തിൽ നിന്ന് ബ്രഹ്മചാരിണിയുടെ പക്വതയിലേക്കുള്ള മാറ്റം നമുക്ക് കാണാനാകും. ബ്രഹ്മചാരിണിയുടെ ഗ്രഹം ചൊവ്വയാണ്. സന്തതസഹചാരിയായി കാണുന്നത് നെടുവടിയും. അത് ഒരു ആയുധവും ഒരു സംരക്ഷണ കവചവും യോഗമാർഗത്തിലുള്ള ഒരു ഉപകരണവും കൂടിയാണ്.
ദുർഗാദേവിയെ ഒൻപത് വ്യത്യസ്ത ഭാവങ്ങളിൽ നവരാത്രി വേളയിൽ ആരാധിക്കുന്നു. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടമാണ് നവരാത്രിയുടെ അന്ത:സത്ത. ഇതിനാൽത്തന്നെ മാതൃസ്വരൂപിണിയായ പ്രകൃതിയുടെ ശക്തിമത്തായ പെൺഭാവങ്ങളാണ് ദുർഗാവതാരങ്ങളോരോന്നും. മഹിഷാസുരനെ നിഗ്രഹിക്കുന്ന ഉഗ്രരൂപിണിയായ ദുർഗയുടെ അപാരശക്തിയും തീവ്രഭക്തിയും മാതൃസഹജമായ സ്‌നേഹവും അളവില്ലാത്ത അനുഗ്രഹങ്ങളുമെല്ലാം ഒൻപത് അവതാരങ്ങളിൽ പ്രതിബിംബിക്കുന്നു.
നവരാത്രി പുരാണത്തിലെ എല്ലാ ദേവീസങ്കല്പങ്ങൾക്കും 'അഗസ്ത്യം' ആയോധന മുറകളുടെ പശ്ചാത്തലമുപയോഗിച്ച് വർത്തമാനകാല ഭാഷ്യമൊരുക്കിയിട്ടുണ്ട്. നവ ദുർഗാ സങ്കല്പത്തിലെ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഗന്ധ, കൂശ്മാണ്ഡ, സ്‌കന്ധമാത, കത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി മുതലായ അവതാര ഭേദങ്ങളെയാണ് പുരാണത്തിന്റെ ആത്മസത്തയ്ക്ക് ചേരുംവിധം വ്യത്യസ്തമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നത്.നവരാത്രിയിലെ ഓരോ ദിവസവും ഓരോ ദുർഗാവതാരങ്ങളുടെ പേരിലാണ് ആരാധിക്കപ്പെടുന്നത്. ഓരോ രൂപവും സവിശേഷമായ സ്ത്രീശക്തിയുടെ പ്രതിഫലനവുമാണ്. ഇതിൽ നിന്ന് ആശയവും പ്രചോദനവും ഉൾക്കൊണ്ടാണ് നവദുർഗമാർക്ക് 'അഗസ്ത്യം' ചിത്രസാക്ഷാത്കാരമൊരുക്കുന്നത്. ധന്വന്തരി കളരി സംഘത്തിലെ നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് ഗുരുക്കൾ ഡോ. മഹേഷിന്റെതാണ് ആവിഷ്‌കാരം.
(ദുർഗാദേവിയുടെ മൂന്നാം ഭാവമായ ചന്ദ്രഗന്ധയുടെ ചിത്രാവിഷ്‌കാരം നാളെ)