epl

മാഞ്ചസ്റ്റർ സിറ്റി 1- ആഴ്സനൽ 0

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സനലിനെ കീഴടക്കി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23-ാം മിനിട്ടിലെ റഹിം സ്റ്റെർലിംഗിന്റെ ഗോളാണ് സിറ്റിക്ക് വിജയമൊരുക്കിയത്.

തന്റെ മുൻ സഹായി ആയിരുന്ന മൈക്കേൽ ആർട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്സനലിനെതിരെ പ്രതിരോധത്തിലൂന്നിയ ശൈലിയാണ് സിറ്റി കോച്ച് പെപ് ഗ്വാർഡിയോള സ്വീകരിച്ചത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന സിറ്റി ഈ വിജയത്തോടെ നാലുകളികളിൽ നിന്ന് ഏഴുപോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ 2-2ന് സമനിലയിൽ കുരുക്കിയ എവർട്ടനാണ് ഒന്നാം സ്ഥാനത്ത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 4- ന്യൂകാസിൽ 1

രണ്ടാം മിനിട്ടിൽ തന്നെ സെൽഫ് ഗോൾ വഴങ്ങി സീസണിലെ മൂന്നാം തോൽവി മുന്നിൽക്കണ്ടശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കിയത്. അതിനടയിൽ ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തു.അവസാന പത്തുമിനിട്ടിലാണ് യുണൈറ്റഡ് മൂന്ന് ഗോളുകൾ നേടിയത്.

കളിതുടങ്ങിയപ്പോൾതന്നെ ലൂക്ക് ഷായുടെ സെൽഫ് ഗോൾ യുണൈറ്റഡിനെ സമ്മർദ്ദത്തിലാക്കി. 23-ാം മിനിട്ടിൽ ഹാരി മഗ്വെയ്ർ സമനില നൽകിയെങ്കിലും 58-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി പാഴാക്കിയത് നിരാശയായി.ന്യൂകാസിൽ ഗോളി ഡാർലോ ബ്രൂൻോയുടെ കിക്ക് തട്ടിയകറ്റുകയായിരുന്നു. ഇതിന് പ്രാശ്ചിത്തമെന്നോണം 86-ാം മിനിട്ടിൽ ബ്രൂണോ ടീമിനെ മുന്നിലെത്തിച്ചു.90-ാം മിനിട്ടിൽ വാൻ ബിസാക്കയും ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡും സ്കോർ ചെയ്തതോടെ യുണൈറ്റഡ് വൻ വിജയത്തിലെത്തി. സീസണിലെ രണ്ടാം വിജയത്തോടെ ആറുപോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് പട്ടികയിൽ 14-ാം സ്ഥാനത്താണ്.