
വാഷിംഗ്ടൺ: യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്നതിനിടെ ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 40,024,355 ആയി. വേൾഡ് ഒ മീറ്രറിന്റെ കണക്ക് പ്രകാരം ഇന്നലെ രാത്രി വരെ 1,115,605 പേർക്ക് ജീവൻ നഷ്ടമായി. 29,935,601 പേർ രോഗവിമുക്തരായി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ് വ്യാപനവും മരണവും ശമനമില്ലാതെ തുടരുന്നു.
റഷ്യയിലെ സ്ഥിതി അത്യധികം രൂക്ഷമാണ്. ഇന്നലെ മാത്രം 15,099 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും രാജ്യത്ത് മരണനിരക്ക് കുറവാണെന്നത് ആശ്വാസം പകരുന്നു. ഇന്നലെ 185 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
 ചൈനയിൽ പുതിയ നിയമം - പകർച്ചവ്യാധികളെ നേരത്തെ കണ്ടെത്തി മുന്നറിയിപ്പ് നൽകും
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചൈനയിൽ പുതിയ ബയോസെക്യൂരിറ്റി നിയമം പാസാക്കി. പകർച്ചവ്യാധി വ്യാപനം നേരത്തെ കണ്ടെത്തുക, രോഗവുമായി ബന്ധപ്പെട്ട പഠനം നടത്തുക, മുന്നറിയിപ്പ് നൽകുക, രോഗവ്യാപനം തടയുക, എന്നിവയ്ക്കായി മികച്ച സംവിധാനങ്ങൾ നടപ്പാക്കുന്നതിനാണ് പുതിയ നിയമം. 2021 ഏപ്രിൽ 15 മുതൽ നിയമം പ്രാബല്യത്തിൽ വരും.
ഇക്കഴിഞ്ഞ മെയിലാണ് ബയോസെക്യൂരിറ്റി നിയമം പ്രാബല്യത്തിൽ വരുത്തുമെന്ന് ചൈനീസ് സർക്കാർ പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. കൊവിഡിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിൽ ഇപ്പോൾ രോഗവ്യാപനം നിയന്ത്രണവിധേയമാണ്. രാജ്യത്തെ മിക്ക നഗരങ്ങളും കൊവിഡ് വ്യാപനത്തെ മറികടന്നിട്ടുണ്ട്. കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കുറവാണെങ്കിലും വൻ തോതിൽ പരിശോധന നടത്തുക എന്നതാണ് ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നയം. 
രാജ്യത്ത് പുതുതായി നൂറോളം കൊവിഡ് പരിശോധനാ സെന്ററുകൾ തുറന്നിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ചൈനീസ് നഗരമായ ഖിൻഡോവിലെ മുഴുവൻ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ചൈനീസ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 
നഗരത്തിലെ ആകെ ജനസംഖ്യയായ 90 ലക്ഷം പേരിലും ടെസ്റ്റ് നടത്തും.
മെയിൽ വുഹാനിൽ ഒരു കോടി ജനങ്ങളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരായത്. പത്തു ദിവസം കൊണ്ടാണ് ഇത്രയധികം പരിശോധനകൾ നടത്തിയത്.