
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയ്ക്കെതിരെ മത്സരിക്കുന്നത് തന്നെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെ ഉദ്ദേശിച്ചായിരുന്നു ട്രംപിന്റെ പരാമർശം.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുകഴിഞ്ഞാൽ ഒരുപക്ഷേ രാജ്യം വിടേണ്ടിവന്നേക്കാമെന്നും അദ്ദേഹം പ്രചാരണപരിപാടിയിൽ പ്രസംഗിക്കവേ പറഞ്ഞു. കാര്യങ്ങൾ തനിക്ക് അനുകൂലമായ രീതിയിലല്ല മുന്നോട്ടുപോകുന്നത് എന്ന് ട്രംപ് സ്വയം അംഗീകരിക്കുന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്.
'ഞാൻ പരാജയപ്പെട്ടാൽ, നിങ്ങൾക്കത് ഊഹിക്കാൻ കഴിയുമോ? , ഞാൻ എന്തായിരിക്കും ചെയ്യുക? എനിക്കെന്തായാലും അത് നന്നായി തോന്നില്ല, ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടി വന്നേക്കാം. എനിക്കറിയില്ല.' ട്രംപ് പറയുന്നു.
ഇയോവയിലും മിനസോട്ടയിലും ഒഹിയോയിലും ഫ്ളോറിഡയിലും നോർത്ത് കരോലിനയിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവേ സമാനമായ പരാമർശങ്ങൾ ട്രംപ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ താനിനി ഇങ്ങോട്ട് വരില്ലെന്ന രീതിയിലാണ് ഇവിടങ്ങളിലെല്ലാം ട്രംപ് സംസാരിച്ചത്. അതേസമയം, ട്രംപിന്റെ ഈ വാചകങ്ങളെല്ലാം കൂട്ടിച്ചേർത്ത വീഡിയോ ബൈഡൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രംപ് പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് വാക്കുനൽകാമോ എന്നുചോദിച്ചാണ് ബൈഡൻ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ബൈഡനെ കടന്നാക്രമിക്കുന്ന സമീപനമാണ് റാലികളിൽ പൊതുവെ ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ബൈഡൻ അധികാരത്തിലെത്തിയാൽ കമ്യൂണിസത്തിന്റെ അതിപ്രസരവും കുറ്റവാളികളായ കുടിയേറ്റക്കാരുടെ ഒരു കുത്തൊഴുക്കും ഉണ്ടാകുമെന്നും ട്രംപ് ആരോപിച്ചു. ബൈഡന്റെ കുടുംബത്തെ ഒരുവേള 'ക്രിമിനൽ എന്റർപ്രൈസ്' എന്നുവരെ ട്രംപ് വിശേഷിപ്പിച്ചു. ബൈഡനാകട്ടെ, ട്രംപിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയാണ് പ്രധാനമായും വിമർശിക്കുന്നത്.