
കൊവിഡ് 19 നമ്മുടെ ദൈനംദിന ജീവിതത്തെയും പൊതു സാഹചര്യങ്ങളെയും മാറ്റിമറിച്ചു. ജീവിത ശൈലിക്കും ഇടപഴകൽ രീതികൾക്കും മാറ്റം സംഭവിച്ചു. ഇതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ വർദ്ധിച്ചതോതിൽ ആശ്രയിക്കേണ്ട സാഹചര്യവും സംജാതമായി.
ഇ കോമേഴ്സ് വഴി എന്തും വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. പെയ്മെന്റ് ഗേറ്റ് വേകൾ കറൻസി രഹിത വ്യവഹാരങ്ങൾ സാദ്ധ്യമാക്കി. പരിശോധനകളും ഒപ്പുവയ്ക്കലുമെല്ലാം ഇന്ന് ഡിജിറ്റൽ രീതി വഴി സാദ്ധ്യമാണ്.
ആശയ വിനിമയ സംവിധാനങ്ങളും മാർഗങ്ങളും നമ്മെ ബന്ധിപ്പിക്കാൻ സഹായിക്കുന്നു. വലിയ ജനക്കൂട്ടത്തെ സംഘടിപ്പിക്കാനും, അഭിസംബോധന ചെയ്യാനും സാധിക്കുന്നു. കോൺഫറൻസുകൾ, ബോർഡ്  മീറ്റിംഗുകൾ, ഡിജിറ്റൽ രാഷ്ട്രീയ റാലികൾ തുടങ്ങി എന്തും വീട്ടിനകത്തിരുന്നു കൊണ്ടു തന്നെ ഡിജിറ്റൽ ലഭ്യതയുള്ളവർക്ക് സാദ്ധ്യമാകുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വികസിപ്പിച്ച സ്മാർട്ട് ഫോൺ അപ്ലിക്കേഷനുകൾ, വെർച്വൽ സാങ്കേതിക വിദ്യകൾ തുടങ്ങിയവ സാദ്ധ്യതകളുടെ വലിയ കവാടമാണ് തുറന്നിട്ടിരിക്കുന്നത്.
സാങ്കേതിക ഭീമൻമാരായ ഗൂഗിൾ, ഫേസ് ബുക്ക്, ടി.സി.എസ് തുടങ്ങിയവർ പുതിയ കാലത്തെ മുന്നിൽ കണ്ട് തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട്. ലോകം സാമ്പത്തികമായി താഴേക്കു പതിക്കുമ്പോഴും ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ വീഡിയോ കോൺഫറൻസിംഗ് സംവിധാനമായ 'സൂം" മുപ്പത് കോടിയിലധികം ഡൗൺലോഡുകളാണ് പുതുതായി നേടിയത്.
അതേസമയം പകർച്ചവ്യാധിക്കു മുമ്പ് വലിയ വളർച്ച കാണിച്ചിരുന്ന ചില സ്ഥാപനങ്ങളെയും മികച്ച പ്രകടനം നടത്തിയിരുന്ന മുൻനിര പ്രൊഫഷണലുകളും കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉൾനാടുകളിലും വിദൂര ഗ്രാമങ്ങളിലും അധിവസിക്കുന്ന വലിയ വിഭാഗം ജനങ്ങൾ ഡിജിറ്റൽ സൗകര്യങ്ങളുടെ പരിധിക്ക് പുറത്താവാൻ നിർബന്ധിതമായിരിക്കുന്നു. സാമൂഹ്യമായും സാമ്പത്തികമായും ഇക്കൂട്ടർ ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്നു.
ഡിജിറ്റൽ വിഭജനവും അതുളവാക്കുന്ന വിവേചനങ്ങളും കൊവിഡാനന്തര സാങ്കേതിക മേഖലയുടെ ഉപോത്പന്നങ്ങളായി മാറാൻ ഇടയുണ്ട്. ഇന്റർനെറ്റും ഡിജിറ്റൽ ഉപാധികളുമായും ഇടപഴകാൻ മാർഗങ്ങളും, അറിവുമില്ലാത്തവർക്ക് പല സേവനങ്ങളും ലഭ്യമാവുകയാണ്. ആരോഗ്യ, ക്ഷേമകാര്യ വിവരങ്ങളും അറിയിപ്പുകളോടുമൊപ്പം വാണിജ്യ, നൈപുണ്യവികസന, പഠന, സാമ്പത്തിക വിനിമയങ്ങൾ അവർക്കന്യമാകും.
2016ൽ ഐക്യരാഷ്ട്ര സംഘടന, ഇന്റർനെറ്റ് ലഭ്യത മനുഷ്യാവകാശമായി പരിഗണിക്കണമെന്ന പ്രമേയം പാസാക്കുകയുണ്ടായി.എന്നാൽ വികസിത രാജ്യങ്ങൾ പോലും ഇത് ഗൗരവതരമായി ഉറപ്പു വരുത്തുകയുണ്ടായിട്ടില്ല.
വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അദ്ധ്യയനം കേരളത്തിലെ സ്കൂളുകളിൽ ആരംഭിക്കാനിടയാക്കിയത് ഐടി @ സ്കൂൾ പദ്ധതിയാണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന 2001 -02 കാലത്ത് കേരളത്തിൽ തുടക്കമിട്ട ഈ പദ്ധതി പുതിയ യുഗപ്പിറവിക്കാണ് നാന്ദി കുറിച്ചത്. ഡിജിറ്റൽ യുഗത്തിൽ മലയാളി വിദ്യാർത്ഥികളെ മറ്റിടങ്ങളെ അപേക്ഷിച്ച് ഒരു ചുവട് മുന്നിൽ വയ്ക്കാൻ ഇതു പ്രാപ്തമാക്കി. പിന്നീടു വന്ന സർക്കാരുകളുടെ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി തുടർ പ്രവർത്തനങ്ങൾക്കുള്ള ആധാരശില ഈ പദ്ധതിയായിരുന്നു. എന്നിരുന്നാൽ പോലും ഡിജിറ്റൽ വിടവു നികത്താൻ കൂടുതൽ സക്രിയമായ ഇടപെടലുകൾ ആവശ്യമാണ്.
പൊതു വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി അടുത്തകാലത്ത് കേരളം പ്രഖ്യാപിക്കപ്പെട്ടെങ്കിലും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും അവകാശവാദവുമായി ഒത്തു പോകാത്ത ദൗർബല്യങ്ങളുണ്ടെന്നത് യാഥാർത്ഥ്യമാണ്.
സംസ്ഥാന സർക്കാർ ഈ അദ്ധ്യയന വർഷത്തിലെ ക്ലാസുകൾ ഓൺ ലൈനിൽ തുടരാൻ തീരുമാനിച്ചപ്പോൾ കേരളത്തിന്റെ ഡിജിറ്റൽ അന്തരവും, താഴ്ന്ന ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുട്ടികൾ പാഠ്യരംഗത്ത് നിന്ന് പുറത്തായ ക്ലേശകരമായ സാഹചര്യവും നാം കാണുകയുണ്ടായി. മിടുക്കരായ വിദ്യാർത്ഥികൾ മാനസികമായി ഒറ്റപ്പെടുകയും ഒന്നിലധികം ആത്മഹത്യയുടെ വാർത്തകൾ വരികയും ചെയ്തു. കേരളം പോലൊരു ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനത്തു നിന്നുള്ള ഇത്തരം വാർത്തകൾ വലിയ ദുഃഖമുളവാക്കിയിരുന്നു.
ഡിജിറ്റൽ വിഭജനം മറികടക്കുന്നതിനായുള്ള ചുവടുവയ്്പുകളായി 'ഡിജിറ്റൽ ഇന്ത്യ", 'കെഫോൺ" തുടങ്ങിയ പദ്ധതികൾ വഴി അധികരിച്ച ഒപ്റ്റിക്കൽ ഫൈബറുകൾ, വയർലസ് സാങ്കേതിക വിദ്യ, ഡ്രോണുകൾ, സാറ്റലൈറ്റ് എന്നിവ വ്യാപകമായി സ്ഥാപിച്ച് വിദൂര ഉൾനാടുകളെ കൂടി ഇന്റർനെറ്റ് പരിധിയിൽ കൊണ്ടുവരാൻ സാധിക്കേണ്ടിയിരിക്കുന്നു. മുഴുവൻ ഇടങ്ങളെയും ഡിജിറ്റൽ പരിധിയിൽ കൊണ്ടു വരാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണം.
താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ ചെലവിലുള്ള ഡാറ്റ പ്ലാനുകളും, സ്മാർട്ട്  ഉപകരണങ്ങളും ഗ്രാന്റുകളും സബ്സിഡികളും വഴി ലഭ്യമാക്കേണ്ടതുണ്ട്.
പകർച്ചവ്യാധിയെ മറികടക്കാൻ ഓൺ ലൈനിൽ പരസ്പരം ബന്ധപ്പെട്ട് മുന്നോട്ടു പോവേണ്ടത് അത്യാവശ്യമാണ്. കൊവിഡാനന്തര കാലം മറ്റെന്നത്തെക്കാളുമധികം ഡിജിറ്റൽ ബന്ധിതമായിരിക്കും.
(എ.ഐ.സി.സി സോഷ്യൽ മീഡിയ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റിന്റെയും  കോവിഡ് 19 നെതിരെയുള്ള ആക്ഷൻ ഗ്രൂപ്പായ പി.ഐ. ഇന്ത്യ ഓർഗിന്റെയും നാഷണൽ കോ ഓർഡിനേറ്ററാണ് ലേഖകൻ)