
വ്യവസായ വിപ്ലവത്തിന് മുൻപുള്ള ലോകത്തിന്റെ കണ്ണായ വിഭവം മണ്ണായിരുന്നു. വ്യവസായ വിപ്ലവത്തോടെ വികസനത്തിന്റെ നിർണായകവിഭവം മൂലധനമായി . ഇരുപതാം നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം ഭൗതിക മൂലധനത്തിന്റെ സ്ഥാനത്ത് മനുഷ്യ മൂലധനം അവരോധിക്കപ്പെട്ടു. ആ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യ മൂലധനത്തിന്റെ സൂക്ഷ്മ ഘടകമായ വിജ്ഞാനമാണ് വികസനത്തിന്റെ താക്കോൽസ്ഥാനത്ത് വിരാജിക്കേണ്ടതെന്ന വിധിയെഴുത്തുണ്ടായി. അറിവും നൈപുണ്യവും മുഖ്യ സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള വികസന തന്ത്രം വഴി മുന്നേറിയ പല ഉദാഹരണങ്ങളും ലോകത്തുണ്ട്. അതിൽ ഏറെ തിളക്കമാർന്ന അനുഭവമാണ് കൊച്ചു രാജ്യമായ അയർലൻഡിന്റേത്. കാലിവളർത്തലും അൽപ്പസ്വൽപ്പം കൃഷിയും ബ്രിട്ടനുമായുള്ള സംഘർഷവും അശാന്തിയുമൊക്കെയായി കഴിയുകയായിരുന്നു ആ രാജ്യം. വലിയ വ്യവസായങ്ങളോ, കാര്യമായ കയറ്റുമതിയോ ഇല്ല. തൊഴിലില്ലായ്മ അതിരൂക്ഷം. ഇല്ലായ്മ കൾക്ക് മാത്രമായിരുന്നു പഞ്ഞമില്ലാതിരുന്നത്.
ജീവിക്കണമെങ്കിൽ അന്യ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകേണ്ട അവസ്ഥ.1981നും1990നുമിടയിൽ മാത്രം തൊഴിൽ തേടി പുറത്തുപോയ യുവാക്കളുടെ എണ്ണം രണ്ടുലക്ഷത്തോളം; 35 ലക്ഷമായിരുന്നു അപ്പോൾ ജനസംഖ്യ. എന്നാൽ തൊണ്ണൂറുകളുടെ മധ്യത്തിൽ അയർലൻഡ്, പരമ്പരാഗത വളർച്ചാരീതികൾ വെടിഞ്ഞ്, വിജ്ഞാനാധിഷ്ഠിത സമ്പത്ത് വ്യവസ്ഥയിലേക്ക് ചുവടുമാറ്റി. സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി എന്നീ തട്ടകങ്ങളിൽ വാർത്തെടുക്കപ്പെട്ട അറിവിന്റെയും നൈപുണ്യത്തിന്റെയും യൗവനം ആ രാജ്യം മൂലധനമാക്കി. താരതമ്യേന കുറഞ്ഞ ചെലവിൽ വിജ്ഞാനത്തിന്റെ കവചമണിഞ്ഞ യുവാക്കളെ ലഭ്യമാകുമെന്ന അവസ്ഥ വിദേശ കമ്പനികളുടെയും വിദേശ നിക്ഷേപത്തിന്റെയും ഒഴുക്കിനും കളമൊരുക്കി.
അമേരിക്കയേയും യൂറോപ്യൻ യൂണിയനേയും വളർച്ചാനിരക്കിൽ ഏറെ പിന്നിലാക്കി കൊണ്ടായിരുന്നു പിന്നീട് അയർലൻഡിന്റെ മുന്നേറ്റം. വേതനവും ജീവിതനിലവാരവും ഉയർന്നു. തൊഴിലവസരങ്ങൾ വൻതോതിൽ വർധിച്ചു. പുറം രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അവസാനിച്ചുവെന്ന് മാത്രമല്ല,അഭ്യസ്ത വിദ്യരായ അന്യനാട്ടുകാർ തൊഴിൽതേടി ഇവിടെയെത്തുന്ന അവസ്ഥയുമുണ്ടായി.
1980ൽ 6259ഡോളറായിരുന്ന പ്രതിശീർഷ വരുമാനം,2018ൽ 67050 ഡോളറായി കുതിച്ചു. ഒരർത്ഥത്തിൽ, വിജ്ഞാനാ ധിഷ്ഠിത സമൂഹ നിർമിതിയിൽ, ഇന്ത്യയിൽ തന്നെ, മുൻപേ പറക്കുകയും അതിന്റെ സത്ഫലങ്ങൾ സ്വായത്തമാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും ഊന്നിയുള്ള നമ്മുടെ വികസന രീതി ഒരുപാട് സാമൂഹിക നന്മകൾ നൽകിയെങ്കിലും അതിന്റെ സാമ്പത്തിക നേട്ടങ്ങളുടെ ഏറിയപങ്കും കൊയ്തെടുത്തത് അന്യരാജ്യങ്ങളായിരുന്നു. കേരളത്തിന്റെ ഉദിച്ചുയരുന്ന സാമ്പത്തികവികസന വഴിയിൽ നായകസ്ഥാനത്ത് അണിനിരത്തേണ്ടത് വിജ്ഞാന അധിഷ്ഠിതമായ തുറകളെയാണെന്നുള്ള നിഗമനത്തിന് പരക്കെ അംഗീകാരമുണ്ട്. അതുകൊണ്ടുതന്നെ, ലക്ഷ്യപ്രാപ്തിക്കായി, അറിവിന്റെ പ്രസരണവും ഉൽപ്പാദനവും നിർവഹിക്കപ്പെടുന്ന വിദ്യാഭ്യാസ മേഖലയുടെ എല്ലാ ദളങ്ങളെയും ലോകനിലവാരത്തിലേക്കുയർത്തുക എന്നത് പ്രഥമ പരിഗണന ലഭിക്കേണ്ട വിഷയമാകുന്നു. ഈ പശ്ചാത്തലത്തിൽ, അറിവിന്റെ അക്ഷയഖനിയായും മറ്റനേക ദൗത്യനിർവഹണസാമഗ്രിയായും വർത്തിക്കാൻ കെൽപ്പുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും എത്തിച്ചിരിക്കുന്നത് ശരിയായ ദിശയിലുള്ള മുന്നേറ്റമാകുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അടിത്തറ മാത്രമല്ല ശക്തിപ്പെടുത്തിയിരിക്കുന്നത്; ആ രംഗത്തെ ഉന്നത ഗോപുരങ്ങളുടെ ശക്തിപ്പെടുത്തലുംനിർമ്മിതിയും നടക്കുന്നുണ്ടെന്നതും ആശാവഹമാകുന്നു. കമ്പ്യൂട്ടർ സയൻസ്, ഐ.ടി തുടങ്ങിയവയിൽ മാസ്റ്റർ കോഴ്സുകൾ നടത്താനായി 2000ൽ സ്ഥാപിക്കപ്പെട്ട 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള" എന്ന ടെക്നോപാർക്കിലെ പൊതുവിദ്യാഭ്യാസ സ്ഥാപനത്തെ ഡിജിറ്റൽ സർവകലാശാലയായി ഈ വർഷം ഉയർത്തിയതാണ് ഈ ദിശയിലുള്ള ഒരു പ്രധാന നടപടി.
നൂതന സങ്കേതങ്ങളായ ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, നിർമ്മിതബുദ്ധി,ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയുള്ള വയുടെ പഠനഗവേഷണ പ്രയോഗ പ്രവർത്തനങ്ങൾക്ക് ഇതുവഴി ആക്കം കൂടും. അതുപോലെതന്നെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പരമ്പരാഗത കോഴ്സുകൾക്കൊപ്പം നവീന വിജ്ഞാനാധിഷ്ഠിത കോഴ്സുകൾആരംഭിക്കാനുള്ള തീരുമാനവും ശ്രദ്ധേയമാകുന്നു. ഉന്നത വിദ്യാഭ്യാത്തിന്റെ കവാടം ഏവർക്കുമായി തുറന്നു നൽകുന്നതാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. ആധുനിക സാങ്കേതിക ശാസ്ത്ര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി എല്ലാ വൈജ്ഞാനിക മേഖലകളിലും വിവിധ തലത്തിലുള്ള ഉന്നത വിദ്യാഭ്യാസം വിദൂര വിദ്യാഭ്യാസത്തിലൂടെ പ്രദാനം ചെയ്യുന്നതിനും നൈപുണ്യവികസനത്തിനുമാണ് ഇത് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ കോളേജുകളിലും വിദൂര പഠന സ്ഥാപനങ്ങളിലും ഒരേസമയം ഒന്നിലധികം കോഴ്സുകൾ ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ടി.സി.എന്ന കടമ്പ ഇല്ലാത്തതുകൊണ്ട് തന്നെ മറ്റ് സ്ഥാപനങ്ങളിലെ കോഴ്സുകൾ കൂടിഒപ്പം ചെയ്യുന്നതിന് ഇവിടെ തടസമി ല്ലാതാകുന്നു.
ചുരുക്കത്തിൽ വിദ്യാഭ്യാസത്തിന്റെ വിവിധയിടങ്ങളെ നവീകരിച്ചും ശാക്തീ കരിച്ചുമുള്ള നടപടികൾ വിജ്ഞാനാ ധിഷ്ഠിത സമൂഹത്തിന്റെയും സമ്പദ്ഘടനയുടേയും വലിയ വളർച്ചയ്ക്ക് കരുത്തേകുന്നവയാണ്.