
(മൂന്നാം ശ്ളോകം)
ഉണ്ടായിമാറു
മറിവുണ്ടായി മുന്നമിതു-
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി-
ചുരുണ്ടാമഹസ്സിൽമറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണുസൂരി സുകൃതി
സാരം:
ഉണ്ടായി നശിക്കുന്ന പ്രപഞ്ചദൃശ്യങ്ങൾ എല്ലാംതന്നെ മുമ്പ് ഇല്ലാതിരുന്നിട്ട് ഉണ്ടായിക്കാണപ്പെടുന്നവയാണ്. അസ്ഥിരമായ പ്രപഞ്ചദൃശ്യങ്ങളെ കണ്ട് ഭ്രമിച്ച് അവയുടെ പിന്നാലെ പായുന്ന ശരീരവും മനസ്സും പേറി അനേകസങ്കൽപ്പങ്ങൾക്ക് അടിപ്പെട്ട് ബുദ്ധിശൂന്യമായ നിലപാടുകളിൽ അധഃപതിച്ച് വാസനാരൂപത്തിൽ കാരണമാകുന്ന മൂല പ്രകൃതിയിൽ ലയിക്കും.സൃഷ്ടി പ്രളയങ്ങൾ ഇങ്ങനെ ആവർത്തിച്ച് മറയുന്നതു കണ്ടാലും അതിനധിഷ്ഠാനമായ സത്യത്തെക്കുറിച്ച് ബോധമുണ്ടാകയില്ല. ജീവനും ഈശ്വരനും രണ്ടല്ല ഒന്നാണെന്നുള്ള അഖണ്ഡ പരമാത്മജ്ഞാനാനുഭൂതിയിൽ ഉയർന്നുവിളങ്ങുന്ന ഹൃദയപുണ്ഡരീകത്തിൽ അല്ലെങ്കിൽ അനാഹതചക്രത്തിൽ ലയിച്ച് അനന്തമായ ആത്മാനന്ദം നുകർന്ന് നിരന്തരലയനം ചെയ്യുന്ന വണ്ടാണ് പരമാത്മജ്ഞാനിയായ പുണ്യപുരുഷൻ.