
അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യ ഭരിച്ച രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ദയ തോന്നുന്നു. ആർക്കും തന്നെ നേതൃനിരയിലേക്ക് വരാൻ വയ്യ.
കരയും കടലും ആ കാലവും എന്നല്ല കർഷകന്റെ വിളകളെയുൾപ്പെടെ വൻകിട കുത്തക കമ്പനിക്കാർക്കായി തീറെഴുതുമ്പോൾ കോൺഗ്രസുകാർ നിർജീവമായി നിൽക്കുന്നത് സഹിക്കാനാകുന്നില്ല. ബി.ജെ.പി അടിച്ചേൽപ്പിക്കുന്ന ജനദ്റോഹ നയങ്ങൾ കണ്ടിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ കാഴ്ചക്കാരായി നോക്കിനിൽക്കുന്നത് കഷ്ടമാണ്.
കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് രാഹുൽഗാന്ധി വരണമെന്ന് വിളിച്ചു കൂവുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ, രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ രാഹുൽഗാന്ധി രാജ്യത്തില്ലാത്തത് കാണുന്നില്ലേ?
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷി. 130 കോടി ജനതയ്ക്ക് അന്നം നൽകുന്നത് ചേറിൽ പണിയെടുക്കുന്ന കർഷകരാണ്. കാർഷിക മേഖലയ്ക്ക് ക്ഷീണം സംഭവിച്ചാൽ മറ്റെല്ലാ മേഖലകളെയും അത് ബാധിക്കും എന്ന തിരിച്ചറിവ് വേണം. ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ കുതിച്ചുചാട്ടം നേടുന്നുവെന്ന് ഭരണാധികാരികൾ പറയുമ്പോഴും ചുക്കിചുളിഞ്ഞ മുഖവും ഒട്ടിയ വയറുമായി മണ്ണിൽ പണിയെടുക്കുന്നവന് എന്നും ദാരിദ്ര്യം മാത്രം.
കേരളത്തിൽ നിന്നും കോൺഗ്രസ് നേതൃത്വത്തിന് 19 എം.പിമാരാണുള്ളത്. അതിൽ ഭൂരിഭാഗവും പെട്ടിയും കിടക്കയുമായി കേരളത്തിലെത്തി. മുതിർന്ന നേതാക്കളും കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇവർക്കാകുന്നില്ല.
ഇരട്ട പൗരത്വബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോഴും ഉത്തരവാദിത്വ ബോധം നഷ്ടപ്പെട്ട ചില എം.പിമാർ ഡൽഹിയിൽ ഇല്ലായിരുന്നു. സി.പി.എമ്മിന്റെ ഒരു പ്രതിനിധി മാത്രമാണ് ലോക്സഭയിലേക്ക് കേരളത്തിൽ നിന്ന് പോയത്. ഒരാൾ മാത്രമായപ്പോൾ 19 പേർക്കും ചായ വാങ്ങാനാണോ അദ്ദേഹം പോയതെന്ന് അന്ന് കോൺഗ്രസുകാർ ചോദിച്ചു. അത് ചോദിച്ചവർക്ക് ഇപ്പോൾ തിരിച്ചറിവുണ്ടായിക്കാണും. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ശക്തമാക്കാതെ, കേരളത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാനാണ് യു.ഡി.എഫിന് ഇഷ്ടം.''വിനാശകാലേ വിപരീത ബുദ്ധി"
കോട്ടൂർ ജയചന്ദ്രൻ, കുറ്റിച്ചൽ
നാരായണ പ്രസാദിന്റെ മാതൃക
പാരമ്പര്യമായി ഒരു തികഞ്ഞ ശ്രീനാരായണ ഗുരുദേവ ഭക്തനാണ് നാരായണപ്രസാദ്. ഡോ. പല്പുവിന്റെ രണ്ട് സഹോദരിമാരിൽ മൂത്ത സഹോദരി മീനാക്ഷി അമ്മയുടെ മകളുടെ ചെറുമകനാണ് നാരായണപ്രസാദ്. ഗുരുദേവനെ സമാധി ഇരുത്തിയപ്പോൾ ബോധാനന്ദസ്വാമികൾ അവിചാരിതമായി മീനാക്ഷി അമ്മേ കനകാഭിഷേകം നടത്തണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ സ്വന്തം താലി ചെയിൻ പൊട്ടിച്ച് ഗുരുദേവനിൽ അഭിഷേകം ചെയ്യാൻ അവസരം ലഭിച്ച മഹതി കൂടിയായിരുന്നു അവർ.
ഗുരുദേവ ചിന്തകൾ നന്നായി പഠിച്ച് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എതിർപ്പുകൾ സഹിച്ചു. ഏക മകൾ ദീപയുടെ വിവാഹം ഗുരുദേവ നിർദ്ദേശം അനുസരിച്ച് ആർഭാടരഹിതമായാണ് നടത്തിയത്.
ജാതിക്കെതിരായുള്ള ഗുരുദേവന്റെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വളരെ ആലോചിച്ചശേഷം രൂപം നൽകിയ ശ്രീനാരായണധർമ്മസംഘത്തിലെ അവസാനത്തെ സന്യാസിദീക്ഷ ഗുരുദേവൻ നൽകിയത് ആനന്ദതീർത്ഥസ്വാമികൾക്ക് ആയിരുന്നല്ലോ. അതോടൊപ്പം ഒരു സന്യാസിക്ക് വേണ്ടുന്ന ഗുണപാഠങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള ആശ്രയം എന്ന കൃതിയും.
ഗുരുദേവ കൃതികൾ ആരോടും വിധേയത്വമില്ലാതെ പഠിച്ചും തന്റെ ഉറച്ച അഭിപ്രായങ്ങൾ ആരോടും പറയാനും എഴുതാനും നാരായണ പ്രസാദ് എപ്പോഴും ഉത്സുകനായിരുന്നു. ഇത് കപട സന്യാസ വേഷധാരികൾക്ക് എന്നും ഭയമായിരുന്നു. സന്ധ്യയുടെ 'ഇതിഹാസത്തിന്റെ" ഇതളുകൾ എന്ന കൃതിയിലെ 'ജാബലി" എന്ന കഥാപാത്രത്തെ അനുസ്മരിക്കുന്നതാണ് നാരായണ പ്രസാദിന്റെ ജീവിതം.
അഡ്വ. കെ. സാംബശിവൻ,
പ്രസിഡന്റ്,
ഡോ. പി. പല്പു ഫൗണ്ടേഷൻ,
തിരുവനന്തപുരം