
രോഗങ്ങളെ അടിച്ചമർത്താൻ വേദനസംഹാരികളെ അഭയം പ്രാപിക്കുമ്പോൾ അവ നിശബ്ദ കൊലയാളിയായി നമ്മുടെ കരൾ, കിഡ്നി, ഹൃദയം എന്നിവയ്ക്കെല്ലാം നാശമുണ്ടാക്കുന്നു.
പരിഹാരം ഒന്നേയുള്ളൂ. ദിവസം അരമണിക്കൂർ നമ്മുടെ ശരീരത്തിനായി മാറ്റിവയ്ക്കുക. ഇവിടെയാണ് യോഗയുടെ പ്രസക്തി . യാതൊരു ഉപകരണത്തിന്റെയും സഹായമില്ലാതെ ജാതി, മത, ലിംഗ പ്രായഭേദമെന്യേ ഏതൊരാളിനും അവരവരുടെ വീട്ടിൽ തന്നെ നിഷ്പ്രയാസം പരിശീലിക്കാവുന്ന വ്യായാമപദ്ധതിയാണു യോഗ. നമ്മുടെ പിതാമഹന്മാർ അവരുടെ ദിവസം തുടങ്ങിയിരുന്നത് ഈ പ്രപഞ്ചത്തിന്റെ മുഴുവൻ ഊർജ്ജദാതാവായ സൂര്യനെ നമസ്കരിച്ചുകൊണ്ടായിരുന്നു. 12 സ്റ്റെപ്പുകളുള്ള, നട്ടെല്ലിന് ആവശ്യത്തിനു വഴക്കം നൽകുന്ന ഇത്ര ശ്രേഷ്ഠമായ മറ്റൊരു വ്യായാമ പദ്ധതി ലോകം ഇന്നേവരെ കണ്ടിട്ടില്ല.
യോഗപരിശീലനത്തിന്റെ അവിഭാജ്യഘടകമാണ് പ്രാണായാമം. നിയന്ത്രിതമായും, ദീർഘമായും പത്തുമിനിട്ട് ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരുന്നാൽ ക്രമേണ ശ്വാസകോശങ്ങൾ വികസിക്കുകയും, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ പരിഹൃതമാകുകയും ചെയ്യും. സ്വാഭാവികമായി നാം ശ്വാസം എടുക്കുമ്പോൾ ഉൾക്കൊള്ളാറുള്ള ശ്വാസത്തിന്റെ പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്സിജനും പ്രാണായാമത്തിലൂടെ ഉള്ളിലെത്തുകയും ഈ ശ്വാസം നിയന്ത്രിതമായി ഉഛ്വസിക്കുമ്പോൾ പത്തിരട്ടി കാർബൺ ഡയോക്സൈഡ് ബഹിഷ്ക രിക്കുകയും ചെയ്യുന്നു. ആയുരാരോഗ്യത്തിനു നിദാനമായ പ്രാണശക്തിയും രക്തശുദ്ധിയും നിഷ്പ്രയാസം ലഭ്യമാകുന്നു എന്നതാണ് പ്രാണായാമത്തിന്റെ പ്രത്യേകത.
യോഗശാസ്ത്രയിൽ മനസിന്റെ അശുദ്ധിയെ ക്ളേശങ്ങൾ എന്നാണ് പറയുന്നത്. നിശ്ചലമായ തടാകത്തിന്റെ അടിത്തട്ട് നമുക്ക് കാണാൻ കഴിയും. എന്നാൽ ഓളങ്ങൾ നിറഞ്ഞ ജലാശയത്തിന്റെ അടിത്തട്ട്  ദൃശ്യമല്ല. അതേപോലെയാണ് നമ്മുടെ മനസ്. മനസിന് പൂർണ വിശ്രമവും ശാന്തിയും കൊടുക്കുകയെന്നത് വളരെ പ്രധാനമാണ്. എല്ലാ ജീവജാലങ്ങൾക്കും പ്രകൃതി ശാരീരിക വിശ്രമത്തിന് ആവശ്യമായ സമയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പകലുകൾക്കിടയ്ക്കുള്ള അനുഗ്രഹീതരാവുകൾ ഭൗതികശരീരത്തിനു വിശ്രമിക്കാനുള്ളതാണ്. എന്നാൽ കടമകളുടെ ചുമടെടുത്തു തളർന്ന മനസിനു പലപ്പോഴും ഉറക്കത്തിൽപ്പോലും വിശ്രമമില്ല. മനസിന് ആവശ്യമുള്ള വിശ്രമവും ശാന്തിയും ലഭിക്കത്തക്കവണ്ണമുള്ള പരിശീലനക്രമങ്ങൾ ഉണ്ടെന്നുള്ളതാണ് യോഗയെ മറ്റു കായിക പരിശീലനത്തിൽ നിന്നും ശ്രേഷ്ഠമാക്കുന്നത്. ചാഞ്ചാടുന്ന മനസിനെ ഉറപ്പിച്ചുനിറുത്തി ഉറച്ച തീരുമാനമെടുക്കാൻ ഉറപ്പായും യോഗ നിങ്ങളെ പ്രാപ്തരാക്കും.
സൂക്ഷ്മവ്യായാമങ്ങൾ, സൂര്യനമസ്കാരം, ഇരുന്നും, നിന്നും, കിടന്നുമുള്ള വിവിധ ആസനങ്ങൾ, റിലാക്സേഷൻ, മെഡിറ്റേഷൻ എന്നിവ ഓരോ ദിവസത്തെയും യോഗ പരിശീലന ക്ളാസിൽ വിദഗ്ദ്ധനായ യോഗപരിശീലകൻ നൽകുന്നു. 21 ദിവസത്തെ ക്ളാസിനുശേഷം ജീവിതകാലം മുഴുവൻ തനിയെ പ്രാക്ടീസ് ചെയ്യാവുന്നതാണ്. പ്രഭാതമാണ് യോഗപരിശീലനത്തിന് ഉത്തമമെങ്കിലും പുതിയ ജീവിതസാഹചര്യങ്ങളിൽ എല്ലാവർക്കും അതു പ്രായോഗികമല്ല. രാത്രിയോ, പകലോ ഓൺലൈനായി രാജ്യത്തെവിടെയും, വിദഗ്ദ്ധരായ യോഗപരിശീലകർ വളരെ കാര്യക്ഷമമായി യോഗ ക്ളാസുകൾ നൽകുന്നുണ്ട്.
ഉത്തരവാദിത്വങ്ങളിൽ നിന്നും ജോലിയിൽ നിന്നും മാറിനിൽക്കാൻ നമുക്ക് സാധിക്കയില്ല. അപ്പോൾ ക്രിയാത്മകമായ പരിഹാരം നാം തന്നെ കണ്ടെത്തേണ്ടതാണ്. അതിനുള്ള മനസ് ഉണ്ടാകുക എന്നതാണ് പ്രധാനം. തീരുമാനം നാളേക്കു മാറ്റിവയ്ക്കരുത്. ഇന്നു തന്നെയെന്നതാണു ശരിയായ തീരുമാനം.
പതഞ്ജലി മഹർഷി 'യോഗസൂത്ര"യിൽ പറഞ്ഞിരിക്കുന്നു.
''യുവാ വൃദ്ധോതിവൃദ്ധോവാ
വ്യാധിതോ, ദുർബലോപിവാ
അഭ്യാസാൽ സിദ്ധിമാപ്നോതി""
യുവാവ്, വൃദ്ധൻ, അതിവൃദ്ധൻ, രോഗി, ദുർബലൻ എല്ലാവരും യോഗ പരിശീലിച്ച് അതിന്റെ ഗുണം അനുഭവിക്കുക, ലോക ജനതയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാരകരോഗത്തിനു മുൻപിൽ ആധുനിക വൈദ്യശാസ്ത്രം പകച്ചു നിൽക്കുമ്പോൾ നമ്മുടെ ആരോഗ്യപരിപാലനത്തിന്  ഋഷീശ്വരന്മാർ പകർന്നുനൽകിയ യോഗ ശാസ്ത്രത്തിന്റെ മഹത്വത്തിൽ നമുക്കഭിമാനിക്കാം.
(ലേഖിക തിരുവനന്തപുരം ശാന്തിയോഗ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.
ഫോൺ: 9567273933,)