
സിഡ്നി: നീല തിമിംഗലം ലോകത്തിലെ ഏറ്റവും വലിയ ജീവിയാണെങ്കിലും അവയെ കണ്ടെത്താന്‍ വളരെ പ്രയാസമാണ്. ആസ്ട്രേലിയ സിഡ്‌നി തീരദേശത്ത് കഴിഞ്ഞ നാലാം തീയതി ഒരു നീലത്തിമിംഗലം പ്രത്യക്ഷപ്പെട്ടു. നൂറുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് നീലത്തിമിംഗലത്തെ സിഡ്നിയിൽ കണ്ടെത്തുന്നത്.
നാഷണല്‍ പാര്‍ക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് (എന്‍.പി.ഡബ്ല്യു.എസ്) ഇത് ''വളരെ അപൂര്‍വമായ'' കാഴ്ചയാണെന്ന് സ്ഥിരീകരിച്ചു. സെപ്തംബർ നാലിനാണ് സിഡ്നി തീരത്തിനടുത്ത് നീലത്തിമിംഗലം പ്രത്യക്ഷപ്പെട്ടത്. തീരത്തിനടുത്തായി നീലത്തിമിംഗലങ്ങൾ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്.
'വലിയ വലിപ്പമുണ്ടെങ്കിലും നീലത്തിമിംഗലങ്ങള്‍ക്ക് സിഡ്‌നി തീരത്ത് എളുപ്പത്തില്‍ നീന്താന്‍ കഴിയും. ഈ നീലത്തിമിംഗലത്തിന് 25 മീറ്ററില്‍ കൂടുതല്‍ നീളവും 100 മെട്രിക് ടണ്ണില്‍ കൂടുതല്‍ ഭാരവുമുണ്ടാകാം', എന്‍.പി.ഡബ്ല്യു.എസിന്റെ പ്രതിനിധി ആന്‍ഡ്രൂ മാര്‍ഷല്‍ പറഞ്ഞു. 'നീലത്തിമിംഗലങ്ങളെ എപ്പോഴും കാണാൻ കഴിയില്ല. അവ വളരെ ദൂരെയാണ് വസിക്കുന്നത്. നീലത്തിമിംഗലങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചും പ്രധാന ശീലങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമേയുള്ളൂ' അദ്ദേഹം പറഞ്ഞു.
ഹംപ്ബാക്ക് തിമിംഗലം ഏകദേശം 10-11% വരെ വംശവർദ്ധനവ് വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.
എന്നാൽ നീലത്തിമിംഗലങ്ങളുടെ എണ്ണം ഇപ്പോഴും അവ്യക്തമാണ്. അത് കൊണ്ട് ഇത് പോലെയുള്ള കാഴ്ചകൾ വളരെ വിലപ്പെട്ടതാണെന്ന് മാര്‍ഷല്‍ പറഞ്ഞു. ഇത്തരം കാഴ്ചകളിലൂടെ ഇവ എവിടെയാണ് ജീവിക്കുന്നതെന്നതിനെകുറിച്ചും അവയ്ക്ക് സംരക്ഷണം ആവശ്യമുണ്ടോ എന്നതിനെ കുറിച്ചും മനസിലാക്കാൻ സാധിക്കും.