deported

കുവൈറ്റ് സിറ്റി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പൊതുമര്യാദകൾ ലംഘിച്ചതിന്റെ പേരിൽ കുവൈറ്റിൽ വാർത്താ അവതാരകയെ നാടുകടത്തി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എത്തിക്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് നടപടിയെടുത്തത്. ലെബനൻ സ്വദേശിയായ ടെലിവിഷൻ അവതാരക സാസ്‍ ദെ ലാനെയാണ് നാടുകടത്തിയത്. അറിയപ്പെടുന്ന ഒരു റേഡിയോ ജോക്കി കൂടിയാണിവർ.

രാജ്യത്ത് നിലനിൽക്കുന്ന വസ്ത്ര ധാരണ രീതികൾ ലംഘിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചെത്തിയ ഇവരുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽമീ‍ഡിയയിൽ വൈറലായി. തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.

പത്ത് വർഷമായി കുവൈറ്റിൽ ജോലിചെയ്യുകയാണ് ഇവർ. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവർ പങ്കുവച്ച പല ചിത്രങ്ങളും വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.