
അബുദാബി: യു.എ.ഇയിൽ വിവാഹ കരാറിൽ ഒപ്പുവച്ച് രണ്ട് വർഷം പിന്നിട്ടിട്ടും ആഘോഷച്ചടങ്ങ് നടത്താത്തതിനാൽ ബന്ധം വേർപെടുത്തി യുവതി. യു.എ.ഇ ഫെഡറൽ സുപ്രീം കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.
യുവാവ് വിവാഹമൂല്യമായി നൽകിയ ഒരു ലക്ഷം ദിർഹത്തിൽ 80,000 ദിർഹം യുവതി തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു.
രണ്ട് വർഷം മുമ്പ് ജുഡിഷ്യൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് വിവാഹ കരാർ ഒപ്പുവച്ചത്. വിവാഹ ആഘോഷ ചടങ്ങ് പിന്നീട് നടത്താമെന്നാണ് തീരുമാനിച്ചത്. എന്നാൽ തന്റെ പക്കൽ പണമില്ലെന്ന് പറഞ്ഞ് ഭർത്താവ് ചടങ്ങ് നടത്താൻ വിസമ്മതിക്കുകയാണെന്നാണ് യുവതിയുടെ പരാതി. ഒരു ദിവസം പോലും ഒരുമിച്ച് താമസിച്ചില്ലെന്നും താൻ തന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്നും യുവതി പരാതിയിൽ പറഞ്ഞു.
യുവതിയുടെ അമ്മ വീട് നൽകാമെന്ന് പറഞ്ഞെങ്കിലും യുവാവ് സമ്മതിച്ചില്ല. താൻ തന്നെ വീട് കണ്ടെത്തിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഒരിക്കൽ പോലും ഭർത്താവ് തനിക്ക് ചെലവിനുള്ള പണം നൽകിയിട്ടില്ലെന്നും അമ്മയ്ക്കൊപ്പം ചികിത്സക്ക് പോകുന്നത് പോലും വിലക്കിയെന്നും യുവതി ആരോപിച്ചു.