
'പ്യാർ ദോസ്തി ഹേ" ....പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ നേർത്ത അതിർവരമ്പുകൾ മാത്രമേയുള്ളൂയെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ മനസ്സ് കീഴടക്കിയ കരൺ ജോഹർ ചിത്രം 'കുച്ച് കുച്ച് ഹോത്താ ഹേ" യ്ക്ക് ഇരുപത്തിരണ്ടു വയസ്. രാഹുൽ ,ടീന ,അഞ്ജലി ജോഡികൾ പ്രേക്ഷക മനസുകളിൽ പ്രകമ്പനം കൊള്ളിച്ചിരുന്നു. ത്രികോണ പ്രണയത്തിന്റെ വേദനയും വിങ്ങലുമെല്ലാം ഏറ്റവും മനോഹരമായി പറഞ്ഞ ഈ ചിത്രം ഇന്നും ഇന്ത്യൻ സിനിമ ആസ്വാദകരുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്. 1998 ഒക്ടോബർ 16 നായിരുന്നു ചിത്രം റിലീസായത് ബോളിവുഡിന് ഏറ്റവും മികച്ച ഓൺ സ്ക്രീൻ പ്രണയ ജോഡികളായ ഷാരൂഖ് ഖാനെയും കാജോളിനേയും കിട്ടിയതിനൊപ്പം തന്നെ റാണി മുഖർജി എന്ന നടിക്ക് തന്റെ  കരിയറിയിലും ബ്രേക്ക് കിട്ടിയ ചിത്രമാണ് കുച്ച് കുച്ച് ഹോത്താ ഹേ.

ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫർ സന്തോഷ് തുണ്ടിയിലായിരുന്നു. എന്നാൽ ചിത്രത്തിന്റെ ചിത്രീകരണത്തിനായി സ്കോട്ലാൻഡിലേക്ക് സന്തോഷ് തുണ്ടിയിലിന് വിസ കിട്ടാത്തതിനാൽ സന്തോഷ് ശിവനായിരുന്നു സ്കോട്ലാൻഡിലുള്ള ഭാഗങ്ങൾ ചിത്രീകരിച്ചത്. ഇരുപത്തിരണ്ടു വർഷങ്ങൾ പിന്നിടുമ്പോഴും കരൺ ഇപ്പോഴും കുച്ച് കുച്ച് ഹോത്താ ഹേ യുടെ ഓർമ്മകളിലാണ്. ''സന്തോഷ ശിവൻ എന്ന സിനിമോട്ടോഗ്രാഫർ നമുക്ക് എന്താണോ ആവശ്യം അത് നൽക്കുന്ന കലാകാരനാണ്. ഫരീദാബാദിലെ റെയിൽവേ സ്റ്റേഷനെല്ലാം സ്കോട് ലാൻഡിൽ സെറ്റിട്ടായിരുന്നു ചെയ്തിരുന്നത്. കോളേജ് സീനുകളും മിക്കതും സ്കോട്ട്ലൻഡിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ അഞ്ജലി(കജോൾ ) രാഹുലിന്റെ (ഷാരൂഖ് ഖാൻ )സുഹൃത്തും ടീന (റാണി ,മുഖർജി ) കാമുകിയുമാണ്. രാഹുലിന് രണ്ടുപേരും പ്രധാനപ്പെട്ടവരാണെന്ന് കാണിക്കുന്ന സീനുണ്ട് ഇന്റെർവെല്ലിനു മുൻപായി. അഞ്ജലിയെ കെട്ടിപിടിക്കുമ്പോൾ ടീന അവിടുന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോൾ രാഹുൽ ടീനയുടെ കൈകളിൽ പിടിക്കുന്നു .ഇപ്പോഴും പലരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ആ ഒരു സീനാവും. അത്തരത്തിലൊരു സീനിനായി ഞാനും സന്തോഷും രണ്ടു മണിക്കൂറോളം സംവാദം നടത്തിയിരുന്നു. അതിനൊടുവിലാണ്  മനോഹര സീൻ പിറന്നത്. പ്രകാശ വേഗത്തേക്കാൾ കാമറ കണ്ണുകളെ ചലിപ്പിക്കാനുള്ള മാന്ത്രികതയുണ്ട് സന്തോഷ് ശിവനെന്ന സിനിമോട്ടാഗ്രാഫർക്ക് .""കരൺ ജോഹർ പറഞ്ഞു.

ബോക്സോഫിസിലെ വിജയത്തിനൊപ്പം നിരവധി അവാർഡുകളും കുച്ച് കുച്ച് ഹോത്താ ഹേ യെ തേടിയെത്തിയിട്ടുണ്ട്. രണ്ട് നാഷണൽ ൽ ഫിലിം അവാർഡും 8 ഫിലിം ഫെയർ അവാർഡുമടക്കം 35ലേറെ അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്.അന്നത്തെ പ്രണയസങ്കൽ പ്പങ്ങളിൽ നിന്നും യുവത്വം ഒരുപാട് അകലം യാത്ര ചെയ്ത് എത്തിയിരിക്കുന്ന ഇക്കാലത്തും ചിത്രത്തിലെ പാട്ടുകൾ എവർ ഗ്രീനായി തന്നെ നിലനിൽക്കുന്നു. കുച്ച് കുച്ച് ഹോത്താ ഹേ, കോയി മിൽ ഗയാ, സാജൻ ജി ഗർ ആയേ, യേ ലഡ്കാ ഹെ ദീവാനാ, തുജെ യാത് നെ മേരീ ആയ്, ലഡ്കി ബഡീ അൻജാനീ ഹെ, രഘുപതി രാഘവ് എന്നു തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു...