
മുംബയ്: ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിച്ചതോടെ ചെക്കിന് പഴയ ഡിമാൻഡ് ഇപ്പോഴില്ലെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. നോട്ട് അസാധുവാക്കലിന് മുമ്പ്, 2015-16ൽ ചെക്കിടപാടുകളുടെ മൂല്യം മൊത്തം പണമിടപാടിന്റെ 46.08 ശതമാനമായിരുന്നു; അളവ് 15.81 ശതമാനവും. 2019-20ൽ അളവ് വെറും 2.96 ശതമാനത്തിലേക്ക് ഇടിഞ്ഞു; മൂല്യം 20.08 ശതമാനത്തിലേക്കും.
നോട്ട് അസാധുവാക്കൽ നടപ്പാക്കിയ 2016-17ൽ അളവ് 11.81 ശതമാനത്തിലേക്കും മൂല്യം 36.79 ശതമാനത്തിലേക്കും താഴ്‌ന്നിരുന്നു. 2017-18ൽ ഇത് യഥാക്രമം 7.49 ശതമാനം, 28.78 ശതമാനം എന്നിങ്ങനെയായി കുറഞ്ഞു. 22.65 ശതമാനമായിരുന്നു 2018-19ൽ മൂല്യം; അളവ് 4.60 ശതമാനം. അതേസമയം, 2015-16 മുതൽ 2019-20 വരെയുള്ള കാലയളവിൽ ഡിജിറ്റൽ പേമെന്റുകൾ 593.61 കോടിയിൽ നിന്ന് 55.1 ശതമാനം വർദ്ധിച്ച് 3,434.56 കോടിയിലെത്തി. മൂല്യം 920.38 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 1,623.05 ലക്ഷം കോടി രൂപയായി.