
മുംബയ്: പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ മഹാരാഷ്ട്രാ വനിതാ ശുശുവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും 15,500 രൂപ പിഴയും വിധിച്ച് കോടതി. അമരാവതി ജില്ലാ സെഷൻസ് കോടതിയാണ് എട്ടുവർഷം മുമ്പ് നടന്ന കേസിൽ ശിക്ഷ വിധിച്ചത്.
അന്ന് എം.എൽ.എ ആയിരുന്ന യശോമതി സഞ്ചരിച്ച ടാറ്റാ സഫാരി വൺവേ തെറ്റിച്ചതിനെ തുടർന്നാണ് ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ വാഹനം തടഞ്ഞത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ യശോമതി പൊലീസ് കോൺസ്റ്റബിളിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്.
യശോമതി ഠാക്കൂർ, അവരുടെ ഡ്രൈവർ, ഒപ്പമുണ്ടായിരുന്ന രണ്ടുപേർ എന്നിവർ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി കണ്ടെത്തി.
ഇവരെല്ലാവരും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് കോൺസ്റ്റബിൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
സംഭവം നടന്നയുടൻ മേലുദ്യോഗസ്ഥനെ വിവരം അറിയിച്ചശേഷം കോൺസ്റ്റബിൾ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. കേസിൽ അഞ്ച് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. സാക്ഷികളിൽ ഒരാളായ പൊലീസുകാരൻ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.