
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ പേരിനെ അപമാനിച്ച് റിപ്പബ്ലിക്കൻ സെനറ്ററായ ഡേവിഡ് പെർഡ്യൂ. ജോർജിയയിലെ മക്കോൺ സിറ്റിയിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലിയിലാണ് 'കമല' എന്നതിന് പകരം 'കാമലാ'യെന്നും 'കമല-മല-മല'യെന്നും പെർഡ്യൂ തെറ്റായി ഉച്ചരിച്ചത്. പെർഡ്യൂവിന്റെ ഈ പരാമർശം ഇപ്പോൾ വൻ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.
കമലയെ മനഃപൂർവം അപമാനിക്കുകയാണ് പെർഡ്യൂ ചെയ്തിരിക്കുന്നതെന്നാണ് കമലയെയും ഡെമോക്രാറ്റിക് പാർട്ടിയെയും പിന്തുണയ്ക്കുന്നവർ പറയുന്നത്. 'മുൻ' സെനറ്ററായ ഡേവിഡ് പെർഡ്യൂവിന് അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാൻ കഴിയുമെങ്കിൽ നിശ്ചയമായും 'ഭാവി' വൈസ് പ്രസിഡന്റായ കമലയുടെ പേരും അദ്ദേഹത്തിന് പറയാൻ കഴിയേണ്ടതാണെന്നാണ് കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായ സബ്രീന സിംഗ് പ്രതികരിച്ചത്.
ഡേവിഡ് പെർഡ്യൂവിന്റെ ഈ പരിഹാസത്തിനെതിരെ സോഷ്യൽ മീഡിയയിലും അല്ലാതെയുമായി 'മൈ നെയിം ഈസ്' എന്നും 'ഐ സ്റ്റാൻഡ് വിത്ത് കമല' എന്നും പേരുകളുള്ള ക്യാംപയിനുകൾ കമലയെ പിന്തുണയ്ക്കുന്ന അമേരിക്കക്കാർ ആരംഭിച്ചിട്ടുണ്ട്. സെനറ്ററുടെ പരാമർശം വംശീയതയെയാണ് സൂചിപ്പിക്കുന്നതെന്നും ഇവർ പറയുന്നു.
കമലയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ അമേരിക്കക്കാരും എത്തിയിട്ടുണ്ട്. ക്യാംപയിനുകൾക്ക് തുടക്കമിട്ടതോടെ കമലയുടെ ജനപിന്തുണ വീണ്ടും വൻതോതിൽ വർദ്ധിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. മിനസോട്ടയുടെ ജനപ്രതിനിധിയും(ഡെമോക്രാറ്റിക്) ട്രംപിൽ നിന്നും അദ്ദേത്തിന്റെ പാർട്ടി പ്രതിനിധികളിൽ നിന്നും വംശീയ അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുള്ള ഇൽഹാൻ ഒമറും കമലയെ പിന്തുണയ്ക്കുന്നവരുടെ മുൻനിരയിലുണ്ട്.