protest

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സുപ്രീംകോടതി ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ റാലിയുമായി വനിതകള്‍. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ് ബര്‍ഗിന്റെ സ്മരണയ്ക്കും കണ്‍സര്‍വേറ്റീവ് ജഡ്ജ് ആമി കോണി ബാരറ്റിനെ സുപ്രീംകോടതിയില്‍ നിയമിക്കാനുള്ള തീരുമാനത്തിനുമെതിരെയാണ് ആയിരക്കണക്കിന് സ്ത്രീകള്‍ റാലി നടത്തിയത്.

ഒക്ടോബര്‍ 22നാണ് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ബാരറ്റിനെ നാമനിര്‍ദേശം ചെയ്യുന്നത്. ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് ഈ തീരുമാനം. നവംബര്‍ 3ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയാകുന്നത്.

നേരത്തെ ബരാക് ഒബാമ അധികാര കാലാവധി അവസാനിക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ജസ്റ്റിസ് നിയമനം നടത്താന്‍ ശ്രമിച്ചതും വിവാദമായിരുന്നു. അതിന് സമാനമായ സാഹചര്യത്തിലേക്കാണ് നിലവില്‍ സ്ഥിതിഗതികള്‍ പോകുന്നത്.

കാന്‍സര്‍ ബാധിതയായിരുന്ന ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ് ബര്‍ഗ് കഴിഞ്ഞമാസമായിരുന്നു അന്തരിച്ചത്. ഇവര്‍ക്ക് പകരം കണ്‍സര്‍വേറ്റീവ് ജഡ്ജ് ആമി കോണി ബാരറ്റിനെ നിയമിക്കാനുള്ളള ട്രംപിന്റെ തീരുമാനത്തെിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാഷിംഗ്ടണ്‍ ഡിസിയിലും രാജ്യത്തിന്റെ മറ്റു വിവിധ ഭാഗങ്ങളിലും അണിനിരന്ന പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുപ്രീം കോടതി നോമിനിക്കെതിരെ പ്രതിഷേധിക്കാനും നവംബര്‍ 3ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്താനും ആഹ്വാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.