
ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഒരു ശരാശരി സിനിമാ പ്രേമി ആദ്യം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ ഒന്ന് 2000ത്തിൽ പുറത്തിറങ്ങിയ 'നരസിംഹ'മായിരിക്കും. 'മാസും ക്ലാസും' കാട്ടി നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത 'പൂവള്ളി ഇന്ദുചൂഢന്റെ' കൾട്ട് സ്റ്റാറ്റസിന് ഇന്നും യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നതാണ് സത്യം.
ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രം നടത്തുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിമർശനങ്ങൾ നേരിട്ടപ്പോഴും, ഇന്ദുചൂഡൻ വെള്ളത്തിൽ നിന്നും നടന്നു വരുന്ന സീനുകൾ ട്രോളന്മാർ ആഘോഷിച്ചപ്പോഴും സിനിമാപ്രേമികൾ ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രത്തെ കൈവെടിയാൻ തയ്യാറായിരുന്നില്ല.
എന്നാൽ ചിത്രത്തിലെ അവസാന സീനിലെ ഒരു സംഭവം പലരെയും കാര്യമായി ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നതാണ് സത്യം. ഇന്ദുചൂഢനും കാമുകിയായ അനുരാധയും വിവാഹം കഴിക്കാൻ തീരുമാനിച്ച ശേഷം ഇരുവരും ഇന്ദുചൂഢന്റെ ജീപ്പിൽ കയറി ഓടിച്ചുപോകുന്ന രംഗത്തിലാണ് സിനിമ അവസാനിക്കുന്നത്.
സ്പീഡിൽ കുതിക്കുന്ന വാഹനത്തിൽ നിന്നും വീഴുന്ന ഏതാനും പച്ചക്കറികളാണ് ചിലരെ അലോസരപ്പെടുത്തുന്നത്. ചിത്രം അവസാനിച്ചാലും ഈ പച്ചക്കറികൾ തങ്ങളുടെ മനസ്സിൽ നിന്നും മായാറില്ല എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇപ്പോൾ, ഇതിനൊരു പരിഹാരമെന്നോണം, ചിത്രത്തിന് ഒരു 'ഡിലീറ്റഡ് എൻഡിംഗ്' പുറത്തിയിറക്കിയിരിക്കുകയാണ് 'അക്ഷയ് സോഡാബോട്ടിൽ' എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനൽ. വീഡിയോ പുറത്തുവന്നതോടെ 'പച്ചക്കറികളെ കുറിച്ചുള്ള തങ്ങളുടെ വിഷമം മാറി' എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വീഡിയോ കാണാം.