
ഇന്നലെ ഐ.പി.എല്ലിലെ രണ്ട് മത്സരങ്ങളിലും വിജയികളെ നിശ്ചയിച്ചത് സൂപ്പർ ഓവറിലൂടെ
ആദ്യ മത്സരത്തിൽ കൊൽക്കത്ത സൂപ്പർ ഓവറിൽ ഹൈദരാബാദിനെ കീഴടക്കി
രണ്ടാം മത്സരത്തിൽ പഞ്ചാബ് മുംബയ്യെ തോൽപ്പിച്ചത് രണ്ട് സൂപ്പർ ഓവറുകൾ കടന്ന്
ദുബായ് / അബുദാബി : ആരാധകരെ സൺഡേയിൽ സൂപ്പർ ഓവറുകൾകൊണ്ട് വണ്ടറടിപ്പിച്ച് ഐ.പി.എൽ മത്സരങ്ങൾ. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നപ്പോൾ രണ്ടാം മത്സരത്തിൽ രണ്ടാംതവണയും സൂപ്പർ ഓവർ നടത്തേണ്ടിവന്നത് കൗതുകമായി.
അബുദാബിയിൽ ആദ്യം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സൂപ്പർ ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് കീഴടക്കിയത്. പഞ്ചാബ് കിംഗ്സ് ഇലവനും മുംബയ് ഇന്ത്യൻസും തമ്മിൽ നടന്ന രണ്ടാം മത്സരം നിശ്ചിത ഓവറുകളിലും തുടർന്ന് നടന്ന സൂപ്പർ ഓവറിലും ടൈ ആയതോടെയാണ് സീസണിലാദ്യമായി രണ്ടാം സൂപ്പർഓവർ നടത്തിയത്. ഇതിൽ പഞ്ചാബ് മുംബയ്യെ ചേസ് ചെയ്തു തോൽപ്പിച്ചു.
കൊൽക്കത്തയുടെ സൂപ്പർ സൂര്യോദയം
ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നൈറ്റ്റൈഡേഴ്സ് 163/5 എന്ന സ്കോർ ഉയർത്തിയതിന് പിന്നാലെ സൺറൈസേഴ്സ് 165/6ൽ എത്തിയതോടെയാണ് വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നത്. ലോക്കീ ഫെർഗൂസൺ എറിഞ്ഞ സൂപ്പർ ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ രണ്ട് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളും നഷ്ടപ്പെട്ട സൺറൈസേഴ്സ് നിരാശരാക്കിയപ്പോൾ നാലുപന്തുകളിൽ മൂന്ന് റൺസെടുത്ത് നൈറ്റ്റൈഡേഴ്സ് വിജയാഘോഷം നടത്തി.നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും സൂപ്പർ ഓവറിൽ സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണറെയും അബ്ദുൽ സമദിനെയും ക്ളീൻ ബൗൾഡാക്കുകയും ചെയ്ത ഫെർഗൂസനാണ് മാൻ ഒഫ് ദ മാച്ച്.
നേരത്തേ ശുഭ്മാൻ ഗിൽ(36),രാഹുൽ ത്രിപാതി (23),നിതീഷ് റാണ(29),നായകൻ ഇയോൻ മോർഗൻ (34), മുൻ നായകൻ ദിനേഷ് കാർത്തിക് (29*) എന്നിവരുടെ കൂട്ടായ പ്രയത്നമാണ് കൊൽക്കത്തെയെ 163ലെത്തിച്ചിരുന്നത്. സൺറൈസേഴ്സ് നിരയിൽ ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ മലയാളിപേസർ ബേസിൽ തമ്പി നാലോവർ എറിഞ്ഞ് 46 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
പഞ്ചാബിന്റെ പരീക്ഷ
മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജയിക്കാൻ പഞ്ചാബ് കിംഗ്സ് ഇലവന് വേണ്ടിയിരുന്നത് 177 റൺസായിരുന്നു. ടോസ് നേടിയിറങ്ങിയ മുംബയ് ഇന്ത്യൻസ് 6 വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് ഡി കോക്കിന്റെ അർദ്ധസെഞ്ച്വറിയിലൂടെ കരകയറിയ മുംബയ്ക്ക് അവസാന 21പന്തുകളിൽ 57 റൺസടിച്ച പൊള്ളാഡിന്റെയും നഥാൻ കൂട്ടർനൈലിന്റെയും വെടിക്കെട്ടാണ് മികച്ച സ്കോറിലെത്താൻ വഴിതുറന്നത്.
38 റൺസെടുക്കുന്നതിനിടെ മുംബയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. നായകൻ രോഹിത് ശർമ്മയെ(9) മൂന്നാം ഓവറിൽ അർഷദീപും നാലാം ഓവറിൽ സൂര്യകുമാർ യാദവിനെ ഷമിയും പുറത്താക്കി. ആറാം ഓവറിൽ ഇഷാൻ കിഷനെയും (7) അർഷദീപ് മടക്കി അയച്ചതോടെ പതറിയ മുംബയ്യെ തന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറി കണ്ടെത്തിയ ക്വിന്റൺ ഡി കോക്കും (53) ക്രുനാൽ പാണ്ഡ്യയും (34) ചേർന്ന് കരകയറ്റി.
58 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 14-ാം ഓവറിൽ ക്രുനാലും 16-ാം ഓവറിൽ ഹാർദിക്കും(7) പുറത്തായി.43 പന്തുകളിൽ മൂന്ന് വീതം ഫോറും സിക്സുമടിച്ച ഡികോക്കിനെ 17-ാം ഓവറിൽ ക്രിസ് യോർദാനാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ പൊള്ളാഡും(12 പന്തുകളിൽ 34) കൂട്ടർനൈലും (12 പന്തുകളിൽ 24) ചേർന്നാണ് 176ലെത്തിച്ചത്.
മറുപടിക്കിറങ്ങിയ പഞ്ചാബിന്റെ ഓപ്പണർ മയാങ്ക്അഗർവാളിനെ (11) ഓവറിൽ ബുംറ ബൗൾഡാക്കിയിരുന്നു. തുടർന്നിറങ്ങിയ ക്രിസ് ഗെയ്ലിനും (24) നിക്കോളാസ് പുരാനും (24) അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ലെങ്കിലും കെ.എൽ രാഹുലിനാെപ്പം റൺറേറ്റ് ഉയർത്താൻ ശ്രമിച്ചു. 21 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്സും പായിച്ച ഗെയ്ലിനെ രാഹുൽ ചഹർ ബൗൾട്ടിന്റെ കയ്യിലെത്തിക്കുകയായിരുന്നു. 12 പന്തുകളിൽ രണ്ടുവീതം സിക്സും ഫോറും പറത്തിയ പുരാനെ ബുംറ കൂട്ടർനൈലിന്റെ കയ്യിലെത്തിച്ചതോടെ പഞ്ചാബ് 108/3 എന്ന നിലയിലായി. പകരമിറങ്ങിയ ഗ്ളെൻ മാക്സ് വെൽ ഡക്കായി മടങ്ങിയെങ്കിലും ദീപക് ഹൂഡയെക്കൂട്ടി രാഹുൽ പോരാട്ടം തുടർന്നു. പക്ഷേ 18-ാം ഓവറിൽ ബുംറയുടെ ഒരു സുന്ദരമായ യോർക്കറിൽ രാഹുലിന്റെ കളിയും കഴിഞ്ഞു. 51 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സും പറത്തിയ ശേഷമാണ് പഞ്ചാബ് നായകൻ കൂടാരം കയറിയത്. തുടർന്ന് ഹൂഡയും യോർദാനും ചേർന്ന് മത്സരം ടൈ ആക്കി സൂപ്പർ ഒാവറിലേക്ക് നീട്ടി.
ബുംറ എറിഞ്ഞ സൂപ്പർ ഓവറിൽ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചുറൺസെടുത്തപ്പോൾ രോഹിതും ഡികോക്കും ചേർന്ന് ഷമി എറിഞ്ഞ സൂപ്പർ ഓവറിൽ അഞ്ചുറൺസെടുത്തു. രണ്ട് റൺ വേണ്ടിയിരുന്ന അവസാനപന്തിൽ രണ്ടാം റൺസിനോടിയ രോഹിത് റൺഒൗട്ടായതോടെയാണ് അടുത്ത സൂപ്പർ ഓവർ വേണ്ടിവന്നത്.
രണ്ടാം സൂപ്പർ ഓവറിൽ ഹാർദിക്ക് പാണ്ഡ്യയും പൊള്ളാഡും ചേർന്നാണ് മുംബയ്ക്ക് വേണ്ടി ഇറങ്ങിയത്. ഹാർദിക്ക് റൺഔട്ടായപ്പോൾ സൂര്യകുമാർ എത്തി. 11 റൺസാണ് മുംബയ് നേടിയത്. പഞ്ചാബിന് വേണ്ടി ഗെയ്ലും മായാങ്ക് അഗർവാളും ചേർന്ന് ബാറ്റിംഗിന് ഇറങ്ങി. ആദ്യ പന്ത് ഗെയ്ൽ സിക്സ് പറത്തി. മൂന്നാം പന്തിലും നാലാം പന്തിലും മായാങ്ക് ബൗണ്ടറി പായിച്ചതോടെ ആകാംക്ഷയ്ക്കൊടുവിൽ പഞ്ചാബിനെത്തേടി സീസണിലെ മൂന്നാം വിജയമെത്തി.