
പേരുപോലെ ഉള്ളടക്കത്തിലെ വ്യതസ്തത കൊണ്ടും പ്രേക്ഷകരുടെ മനസുകീഴക്കിയിരിക്കുകയാണ് മീശമീനാക്ഷിയെന്ന ഷോര്‍ട്ട് ഫിലിം. മീനാക്ഷിയെന്ന പെണ്‍കുട്ടിയുടെ മുഖത്ത് വളരുന്ന മീശയും അതിലൂടെ അവള്‍ നേരിടുന്ന ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
'നീ എന്‍ സര്‍ഗസൗന്ദര്യമേ' എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷം വി.ജെ.ദിവാകൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമാണിത്. മീശ പിരിക്കുന്നത് ആണത്വത്തിന്റെ മാത്രം പ്രതീകമായി കാണപ്പെടുന്ന സമൂഹത്തിലേക്ക് മീശയുള്ള മീനാക്ഷിയുടെ കടന്നുവരവാണ് ശ്രദ്ധേയമാകുന്നത്. പ്രശാന്ത് മോഹന്‍ , മൃണാളിനി സൂസന്‍ ജോര്‍ജ്, അലോന ജോണ്‍സന്‍ , കേരള പൊലീസിന്റെ 'കുട്ടന്‍ പിള്ള' വീഡിയോകളിലൂടെ പരിചിതനായ ജിബിന്‍ ജി നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
സിനിമാറ്റിക്ക് രീതിയില്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. എം. ജി ശ്രീകുമാര്‍, ഹരിശങ്കര്‍ എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. എം.ജി ശ്രീകുമാര്‍ പാടിയ 'അടി പൂക്കുറ്റി' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തംഗമായിരിക്കുന്നതിനിടെയാണ് ഷോര്‍ട്ട് ഫിലിം റിലീസായത്. വിനായക് ശശികുമാര്‍ വരികളെഴുതിയ പാട്ടുകള്‍ക്ക് പ്രശാന്ത് മോഹനാണ് സംഗീതം.
അഭിജിത്ത് കൃഷ്ണകുമാര്‍, കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് മീശമീനാക്ഷിയ്ക്ക് ദൃശ്യങ്ങള്‍ ഒരുക്കിയത്. കൈലാഷ് എസ് ഭവനാണ് എഡിറ്റിംഗ്. അഖില്‍ അനില്‍കുമാറാണ് സൗണ്ട് ഡിസൈനര്‍. സുജിത്ത് പറവൂര്‍, ബിബിന്‍ കൂടല്ലൂര്‍ എന്നിവരാണ് മേക്കപ്പും നിര്‍വഹിച്ചത്.