
ന്യൂഡൽഹി : ഷോപ്പിയാനിലെയും പുൽവാമയിലെയും ചില വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കെതിരെ രഹസ്യാനേഷണ ഏജൻസികളുടെയും ജമ്മുകാശ്മീർ പൊലീസിന്റെയും റിപ്പോർട്ട്. വിദ്യാർത്ഥികളെ ഭീകരപ്രവർത്തനത്തിലേക്ക് ഈ സ്ഥാപനങ്ങൾ നയിക്കുന്നുവെന്ന സംശയത്തെതുടർന്ന് ഇവ രഹസ്യാന്വേഷണ ഏജൻസികളുടെ നീരീക്ഷണത്തിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള ഷോപിയാൻ ആസ്ഥാനമായുള്ള ഒരു കോളേജാണ് നിരീക്ഷണത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്.
ഈ കോളേജിൽ മതപരിശീലനമാണു നൽകുന്നത്. മെട്രിക്കുലേറ്റ്, ഇന്റർമീഡിയറ്റ് കോഴ്‌സുകളും ആർട്‌സ് വിഭാഗത്തിൽ ബിരുദ കോഴ്സുകളുമുണ്ട്. കോളേജ് അടുത്തിടെ പൊതു സുരക്ഷാ നിയമത്തിന്റെ (പിഎസ്എ) കീഴിലാക്കിയിരുന്നു. പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിയായ സജ്ജദ് ഭട്ടിനൊപ്പം ഇവിടുത്തെ 15 മുൻ വിദ്യാർത്ഥികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നു കണ്ടെത്തി. ഇവിടെ പഠിപ്പിച്ചിരുന്ന മൂന്ന് അദ്ധ്യാപർക്കെതിരെ പി.എസ്.എ ചുമത്തി
.
'ഷോപിയാനിലെയും പുൽവാമയിലെയും നിരവധി സ്‌കൂളുകൾക്കും ജമാഅത്തെ ഇസ്!ലാമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയെ യു.എ.പി.എ പ്രകാരം നിരോധിച്ചിട്ടുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജമാഅത്തെ ഇസ്ലാമിയുടേതിനു സമാനമായ കാര്യങ്ങളാണു പഠിപ്പിക്കുന്നത്. സ്വദേശികളായ ആൺകുട്ടികളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിനുള്ള നിയമാനുസൃത സംവിധാനമായി ഈ സ്‌കൂളുകൾ മാറുന്നുണ്ടെന്നു സംശയിക്കുന്നുവെന്ന് ജമ്മു കാശ്മീർ ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.
തെക്കൻ കാശ്മീരിലെ യുവാക്കളെ ആകർഷിക്കുന്നതിനും അതിർത്തിയിൽനിന്നു ഡ്രോൺ വഴി കടത്തുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതിനും ഭീകരസംഘടനകൾ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി