
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. തീവ്രപരിചരണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്‌ടർമാരുടെ അഭിപ്രായം. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ അന്തിമ തീരുമാനമെടുക്കും.
ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി ഡോക്‌ടർമാർ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസിൻറെ തുടർ നീക്കങ്ങൾ. അതേ സമയം ശിവശങ്കർ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർജാമ്യാമപേക്ഷ സമർപ്പിക്കാനും സാദ്ധ്യതയുണ്ട്. നടുവേദയിൽ വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്ന് കൂടുതൽ തെളിവുകൾ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്.