
ലക്നൗ: ഇരുപത്തിരണ്ടുകാരിയായ ദളിത് പെൺകുട്ടിയെ തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മുൻ ഗ്രാമമുഖ്യൻ ഉൾപ്പെടെ രണ്ട് പേരാണ് വീടിനുള്ളിൽ കയറി മകളെ ആക്രമിച്ചതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
സംഭവം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. അതിക്രമിച്ച് വീട്ടിലേക്ക് കയറിയ പ്രതികൾ തോക്കു ചൂണ്ടി ഇരുപത്തിരണ്ടുകാരിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ബന്ധുക്കൽ പൊലീസിൽ പരാതി നൽകിയത്.
'ഒരാഴ്ച മുമ്പാണ് ബലാത്സംഗം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഐ.പി.സിയിലെ വിവിധ വകുപ്പുകൾ പ്രകാരവും, എസ്.സി.എസ്.ടി അതിക്രമ നിരോധന നിയമം അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്'-കാൺപൂർ സൂപ്രണ്ടന്റ് ഒഫ് പൊലീസ് കേശവ് കുമാർ ചൗധരി അറിയിച്ചു.