covid

ന്യൂഡൽഹി: തണുപ്പുകാലത്ത് ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യൻ രാജ്യങ്ങളിൽ ശീതകാലത്ത് രോഗബാധ വർ‌ദ്ധിച്ചതായാണ് കാണുന്നത്. തണുപ്പുകാലം ഉത്തരേന്ത്യയിൽ ഉത്സവകാലം കൂടിയാണ്. അന്തരീക്ഷ മലിനീകരണം ഈ സമയത്ത് കൂടാം. അതിനാൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

തണുപ്പുകാലത്ത് ശ്വാസകോശ രോഗങ്ങൾ അടക്കം വർദ്ധിക്കാൻ സാദ്ധ്യതയുളളതിനാൽ കൊവിഡ് പ്രതിരോധ നടപടികൾക്ക് ഊന്നൽ നൽകാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. തണുപ്പുകാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിനുളള സാദ്ധ്യത തളളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

തണുത്ത അന്തരീക്ഷത്തിൽ വൈറസുകളുടെ വ്യാപനം വർദ്ധിക്കുന്നതായാണ് കണ്ടെത്തൽ. തണുത്ത കാലാവസ്ഥയിലും ഈർപ്പം കുറഞ്ഞ കാലാവസ്ഥയിലും വൈറസ് വലിയ രീതിയിൽ പെരുകും. കൂടാതെ ഇന്ത്യൻ സാഹചര്യത്തിൽ ശൈത്യകാലത്ത് ആളുകൾ വീടുകളിൽ കൂടിച്ചേരുന്നത് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ശൈത്യകാലത്തിന്റെ വരവോടെ യു.കെയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്ന് യു.കെയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാമെന്നും മരണ സംഖ്യ ഉയരാനുളള സാദ്ധ്യതയുണ്ടെന്നുമാണ് പഠനത്തിൽ പറയുന്നത്.