
ഗുവഹാട്ടി: അസം-മിസോറാം അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. അസമിലെ കച്ചാർ ജില്ലയിലെ ലൈലാപ്പുർ മേഖലയിൽ നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.അക്രമികൾ നിരവധി കുടിലുകൾക്ക് തീയിട്ടു.
അന്തർ സംസ്ഥാന അതിർത്തിയിൽ മിസോറാമിലെ വെറെങ്‌ടെയിലിനടുത്തുള്ള സൈഹൈപുയി വി ഗ്രാമത്തിന് സമീപം കാവൽ നിൽക്കുന്ന പ്രാദേശിക സന്നദ്ധപ്രവർത്തകർ ഉപയോഗിക്കുന്ന കുടിലുകൾ പൊളിച്ചുമാറ്റിയതാണ് സംഘർഷത്തിന് കാരണം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ യാത്രകൾ പരിശോധിക്കാനാണ് സന്നദ്ധ പ്രവർത്തകർ കാവൽ നിന്നിരുന്നത്. ഇവർക്ക് നേരെ അസമിൽ നിന്നുള്ള ചിലർ കല്ലെറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടി.
അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫീസിനേയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഫോണിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം മിസോറം മുഖ്യമന്ത്രിയുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.