
തിരുവനന്തപുരം: ബാർകോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടിരൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തെത്തി. 'ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോൺ കല്ലാടിന്റെ ഫോണിലാണ് വിളിച്ചത്. അപ്പോൾ നിരവധി ബാറുടമകൾ എന്നോടൊപ്പമുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബാർകോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വച്ചും അന്വേഷിച്ചോട്ടെ. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിനുശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണനോടും പിണറായി വിജയനോടുമാണെന്നും കേസില്ലായിരുന്നുവെങ്കിൽ മാണി മുഖ്യമന്ത്രി ആവുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം തനിക്കെതിരായ ആരോപണം ജോസ് കെ മാണി നിഷേധിച്ചു. നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ഇപ്പോഴത്തേതെന്നും പിതാവിനെ വേട്ടയാടിയർ ഇപ്പോൾ തന്നെയും വേട്ടയാടുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ബാർകോഴക്കേസിലെ ഗൂഢാലോചനയ്ക്കുപിന്നിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമാണെന്ന് കേരള കോൺഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കൊച്ചിയിലെ ഒരു ഡിറ്റക്ടീവ് ഏജൻസിയെക്കൊണ്ട് പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. പി.സി.ജോർജ്, ജോസഫ് വാഴക്കൻ, അടൂർ പ്രകാശ് , ആർ.ബാലകൃഷ്ണപിള്ള എന്നിവരെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് പോയതിന് പിറകെ റിപ്പോർട്ട് പരസ്യമായതിന് പിന്നിൽ ജോസ് വിഭാഗമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. എന്നാൽ,ഈ റിപ്പോർട്ട് ഔദ്യോഗികമല്ലെന്നും ഒറിജിനൽ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നുമായിരുന്നു ജോസ് കെ. മാണിയുടെ വിശദീകരണം. മുമ്പ് ഔദ്യോഗിക റിപ്പോർട്ടെന്നു പറഞ്ഞ് മാദ്ധ്യമങ്ങൾ നൽകിയ വാർത്തയുടെ ആവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.