
പുഷ്‌പന്റെ സഹോദരൻ ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിശദീകരണവുമായി സി.പി.എം നേതാവ് പി.ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. പുഷ്‌പന്റെ സഹോദരൻ ഒരിക്കലും സി.പി.എം അംഗമായിരുന്നില്ല. സ്വന്തം മകന്റെ കല്യാണത്തിന് പോലും പുഷ്പനും പാർട്ടി സഖാക്കളും നിർബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണ് ഇദ്ദേഹമെന്ന് പറഞ്ഞാൽ കുടുംബമുളള എല്ലാവർക്കും ആളുടെ സ്വഭാവം മനസിലാകും. നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം എന്നാണ് ജയരാജന്റെ പരിഹാസം.
പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയങ്കരനായ സഖാവ് പുഷ്‌പന്റെ സഹോദരൻമാരിൽ ഒരാൾ ബി.ജെ.പിയിൽ ചേർന്നുവെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് സംഘപരിവാർ പ്രചരണം നടത്തുകയാണ്. ഈ സഹോദരൻ ഒരിക്കലും സി.പി.ഐ.എം അംഗമായിരുന്നില്ല. സ്വന്തം മകന്റെ കല്യാണത്തിന് പോലും പുഷ്പനും പാർട്ടി സഖാക്കളും നിർബന്ധിച്ചതുകൊണ്ട് മാത്രം പങ്കെടുത്ത ആളാണെന്ന് പറഞ്ഞാൽ കുടുംബമുളള എല്ലാവർക്കും ആളുടെ സ്വഭാവം മനസിലാകും. മാത്രവുമല്ല സ്വന്തം മകന്റെ പേരിൽ ചൊക്ലി പോലീസിൽ പരാതി കൊടുത്ത മാനസികാവസ്ഥകാരനുമാണ്.
അത്തരം ആളുകളെ മാത്രമേ കേരളത്തിൽ ബി.ജെ.പിക്ക് ലഭിക്കുകയുളളു. ഇങ്ങനെ നാടും കുടുംബവും പുറം തളളിയ ആളുകളെ ഇനിയും അന്വേഷിച്ച് ബി.ജെ.പിക്ക് പരസ്യം കൊടുക്കാം. മലബാറിൽ ഒരു ചൊല്ലുണ്ട് " കൊല്ലന്റെ ആലയിലെ തുരുമ്പ് കൊണ്ട് ആയുധം ഉണ്ടാക്കാൻ കഴിയില്ല'' എന്ന്. ഇതാണ് ബി.ജെ.പിക്ക് ജനങ്ങൾ കൊടുക്കുന്ന മറുപടി. കഴിഞ്ഞ ദിവസം ഞാനിട്ട പോസ്റ്റിനു കീഴെ മുസ്ലിം ലീഗിലെ തീവ്ര ചിന്താഗതിക്കാരും എസ് ഡി പി ഐക്കാരും ജമാത്തെ ഇസ്ലാമിക്കാരും കോൺഗ്രസുകാരും "പുഷ്‌പന്റെ ഏട്ടൻ ബിജെപിയിൽ പോയേ" എന്ന കമന്റുകൾ കുത്തി നിറച്ചതായി കണ്ടു.
സി.പി.ഐ.എമ്മുമായി യാതൊരു ബന്ധവുമില്ലാത്ത പഴയ കോൺഗ്രസുകാരനായ ശശി ബി.ജെ.പിയിൽ പോയെന്ന് കേട്ടപ്പോ ബി.ജെ.പി കാരെക്കാളും സന്തോഷം കാണിക്കുന്ന ഇവർ ഏറ്റവുമൊടുവിൽ കോൺഗ്രസ് അഖിലേന്ത്യാ നേതാക്കന്മാരായ ജ്യോതിരാജ സിന്ധ്യയും ഖുശ്ബുവും ബി.ജെ.പിയിൽ ചേർന്നപ്പോൾ ഒരു വാക്ക് കൊണ്ട് പോലും പ്രതികരിച്ചതായി കണ്ടില്ല.കോൺഗ്രസ് എന്നത് ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയായി മാറിയിരിക്കുന്നു. കോൺഗ്രസിലേയും ലീഗിലേയും ചിന്തിക്കുന്ന പ്രവർത്തകർ ഇത് തിരിച്ചറിയുന്നുണ്ട്.
പ്രിയങ്കരനായ സഖാവ് പുഷ്പന്‍റെ സഹോദരന്‍മാരില്‍ ഒരാള്‍ ബി.ജെ.പിയില്‍ ചേര്‍ത്തുവെന്നു കൊട്ടിഘോഷിച്ചുകൊണ്ട് സംഘപരിവാര്‍...
Posted by P Jayarajan on Sunday, October 18, 2020