
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളി. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.എസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാർ ഹർജി തളളിയത്.
കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാദ്ധ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്ന് പറയുന്നത് ന്യായീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു. എന്നാൽ കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്.
നേരത്തെ ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹത ഇല്ലെന്നും വിശാലമായ പൊതു താത്‌പര്യം മുൻ നിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാർ ഉയർത്തിയ എതിർപ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനമായത്. 2019 ഫെബ്രുവരിയിൽ നടത്തിയ ടെൻഡറിൽ അദാനിയാണ് മുന്നിലെത്തിയത്. സർക്കാരിന് വേണ്ടി പങ്കെടുത്ത കെ.എസ്.ഐ.ഡിസി രണ്ടാമതായി.
അദാനിയെ ഏൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്നടക്കം ആവശ്യമുന്നയിച്ചിരുന്നു. വിമാനത്താവള സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുളളിൽ ശശിതരൂരും സംസ്ഥാനത്തെ പ്രമുഖ നേതാക്കളും രണ്ട് തട്ടിലാണ്.