
ചിരി ചലഞ്ച്, കപ്പിൾ ചലഞ്ച് എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ പലതരം ചലഞ്ചുകൾ ഉണ്ടാകാറുണ്ട്.ഇപ്പോഴിതാ സോറി ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി ജ്യോതി കൃഷ്ണ. പല പ്രശ്നങ്ങളും ചിലപ്പോൾ ഒരു സോറി കൊണ്ട് മാറിയേക്കാമെന്ന് താരം പറയുന്നു. അത്തരത്തിൽ തനിക്ക് ആദ്യം സോറി പറയാനുള്ളത് നടൻ സലീം കുമാറിനോടാണെന്ന് നടി ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.
'നമ്മൾ ഒരു ദിവസം സോഷ്യൽ മീഡിയയിൽ ഒരുപാട് കാര്യങ്ങൾ കാണാറുണ്ട്. നല്ലതും ചീത്തയും എല്ലാം. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ നല്ല ഒരു കാര്യവുമായാണ് വന്നിരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ തെറ്റുകളും ശരികളും എല്ലാം സംഭവിക്കാറുണ്ട്. പല തെറ്റുകളും ചെയ്തിട്ട് ചിലപ്പോൾ ഈഗോയൊക്കെവച്ച് സോറി പറയാതെ നമ്മൾ പോരും. പിന്നീട് കുറേ കാലം കഴിഞ്ഞ് ചിന്തിക്കുമ്പോൾ നമുക്ക് തന്നെ തോന്നും നമ്മൾ ചെയ്തത് ശരിയായില്ലെന്ന്.ഒരു സോറി പറയാമായിരുന്നെന്ന് നമുക്ക് തോന്നും. ആ ഒരു സമയത്ത് ആ ഈഗോയൊക്കെ വിട്ട് നമ്മുടെ മനസിലുണ്ടാകുന്ന സമാധാനം. അത് കേൾക്കുന്നവർക്ക് ഉണ്ടാകുന്ന സന്തോഷം. ചിലപ്പോൾ അറ്റുപോയ ബന്ധങ്ങൾ തിരിച്ച് കിട്ടാം. അത്തരത്തിലൊരു ചലഞ്ചുമായാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്.
എന്റെ ജീവിതത്തിലും ഞാൻ ഒരുപാട് പേരോട് വഴക്കുണ്ടാക്കിയിട്ടുണ്ട്.പിന്നീട് സോറി പറഞ്ഞിട്ടുണ്ട്. പക്ഷേ സോറി പറയാൻ പറ്റാതെ പോയ കുറച്ചുപേരുണ്ട്. അവരോടാണ് ഈയൊരവസരത്തിൽ സോറി പറയാനുള്ളത്. നമുക്കെല്ലാവർക്കും പ്രിയങ്കരനായ സലീം കുമാർ ചേട്ടനോടാണ് ഞാൻ ആദ്യം സോറി പറയുന്നത്. മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽവച്ച് ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.
വഴക്കുണ്ടായതിന് ശേഷം ഞങ്ങൾ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല. ആ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന അന്ന് സലീമേട്ടൻ ചെയറിലിരിക്കുന്നത് ഞാൻ കണ്ടു. എല്ലാവരോടും യാത്ര പറഞ്ഞു. ചേട്ടനോട് പറഞ്ഞില്ല. പക്ഷേ പുള്ളി പ്രതീക്ഷിച്ചു ഞാൻ വരുമെന്നുള്ളത്. പിന്നീട് ഞാൻ അറിഞ്ഞു സലീമേട്ടൻ പറഞ്ഞു ശരിയായില്ല ആ ചെയ്തതെന്നുള്ളത്.എനിക്കും അറിയായിരുന്നു ശരിയല്ല ചെയ്തതെന്ന്. പക്ഷേ ആ പ്രായത്തിന്റെയും, കുറച്ച് വാശിയുടേയുമൊക്കെയായിരുന്നു. ആരോടായിരുന്നു ഞാൻ അങ്ങനെ ചെയ്തതെന്നാലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. പിന്നീട് സംസാരിച്ചപ്പോൾ സോറി പറയാൻ പറ്റിയില്ല. അന്നത്തെ ആ ഒരു പെരുമാറ്റത്തിൽ ഞാൻ സോറി പറയുകയാണ്'-നടി പറഞ്ഞു.