v-muraleedharan-pinarayi-

ന്യൂഡൽഹി: കൊവിഡ് പരിശോധനകളിലും പ്രതിരോധ മാനദണ്ഡങ്ങളിലും കേരളത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വീടുകളിൽ നിരീക്ഷണം പൂർണ പരാജയമാണ്. കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ വീഴ്‌ചയുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന ഗൗരവമുളളതാണെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ചതിന് കാരണം ജീവനക്കാരല്ല സർക്കാരാണ്. കൊവിഡിനെ പ്രചാരവേലക്കായി ഉപയോഗിക്കുകയാണ് കേരളാ സർക്കാർ ചെയ്‌തത്. രോഗം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പിടിച്ച് കെട്ടിയതായുള്ള സർക്കാരിന്റെ അവകാശവാദം രോഗം അവസാനിച്ചു എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കി.

വിദേശത്ത് നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ വേണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാന സർക്കാർ തളളിക്കളഞ്ഞു. സ്വകാര്യ മേഖലയെ കൊവിഡ് ചികിത്സയിലേക്ക് കൊണ്ടുവരാൻ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ നേട്ടം ഇടത് സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുകയാണ്. മഹാമാരിക്ക് എതിരെയുള്ള പോരാട്ടം മാരത്തൺ ആണെന്നും മന്ത്രി പറഞ്ഞു.