
ജെറുസലേം: നയതന്ത്ര സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ബഹ്‌റൈനുമായി വിവിധ കരാറുകളിൽ ഒപ്പിട്ടു. മനാമയിൽ വച്ച് നടന്ന യോഗത്തിൽ ഇസ്രായേൽ, അമേരിക്കൻ നയതന്ത്ര പ്രതിനിധി സംഘങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ബഹാറൈൻ വിദേശകാര്യമന്ത്രി അബ്‌ദുൾ ലത്തീഫ് അൽ-സയാനി ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയ ഡയറക്‌ടർ ജനറൽ അലോൺ ഉഷ്‌പിത്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മെയിർ ബെൻ ഷബാത്ത് എന്നിവരുമായി കരാർ ഒപ്പിട്ടത്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌റ്റീവ് മിനൂചിൻ ചടങ്ങിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
വിവിധ മേഖലകളിൽ സഹകരണം
ഇസ്രായേലിന്റെ സഹകരണം ഇരുകൈകളും നീട്ടി സ്വീകരിക്കുന്നുവെന്ന് ബഹ്‌റൈൻ അറിയിച്ചു. കഴിഞ്ഞ സെപ്‌തംബർ 15നാണ് ഇരുരാജ്യങ്ങളും തമ്മിൽ അമേരിക്കൻ മദ്ധ്യസ്‌തതയിൽ നയതന്ത്ര,സമാധാന കരാറിലെത്തിയത്. നിരന്തര ഇടപെടലുകളും സഹകരണവുമാണ് ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം കൊണ്ടുവരാനുളള മാർഗമെന്ന് അൽ സയാനി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ചെറിയൊരു തുടക്കമാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌റ്റീവ് മിനൂചിൻ പറഞ്ഞു.
വ്യാപാരം, വ്യോമയാന സർവീസുകൾ,ടെലികമ്മ്യൂണിക്കേഷൻ,ധനകാര്യം, ബാങ്കിംഗ്, കൃഷി എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കുക. ഫെബ്രുവരി 25ന് നടക്കുന്ന ജൂതരുടെ പുരിം ഉത്സവത്തിനായി മനാമയിലെ പഴയ സെനഗോഗ് തുറന്ന് കൊടുക്കാൻ ബഹ്‌റൈൻ തീരുമാനിച്ചു. ഇവിടെ 34ഓളം ജൂതവംശജർ താമസമുണ്ടെന്നാണ് ഔദ്യോഗിക വിവരം.
യു.എ.ഇയുമായി വ്യോമയാന ഗതാഗതത്തിന് ഇസ്രായേൽ
യു.എ.ഇയുമായി 28 വിമാനസർവ്വീസുകൾക്ക് ഇസ്രായേൽ നാളെ കരാർ ഒപ്പിടും. ടെൽ അവീവിലെ ബെൻ ഗുരിയോൻ എയർപോർട്ടിൽ നിന്ന് ദുബായ്,അബുദാബി വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുകയെന്ന് ഇസ്രായേൽ ഗതാഗത മന്ത്രാലയം ഞായറാഴ്‌ച അറിയിച്ചു.
ഗതാഗതം മാത്രല്ല മറ്റ് മേഖലകളിലും യു.എ.ഇ നിരവധി കരാറുകളാണ് ഇസ്രായേലുമായി ഒപ്പുവച്ചിരിക്കുന്നത്