
തൃശൂർ: പഞ്ചർ ഒട്ടിച്ചുനൽകാത്തതിന്റെ ദേഷ്യത്തിൽ തൃശൂരിൽ ടയർകട ഉടമയെ ഗുണ്ടാസംഘം വെടിവച്ചു. കൂർക്കഞ്ചേരിക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാലിന് വെടിയേറ്റ കടയുടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ ഷഫീഖ്, ഡിറ്റോ, ഷാജൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും ഉണ്ടകളും പിടിച്ചെടുത്തു.
കടയുടമയുമായി പ്രതികൾക്ക് വൈരാഗ്യം ഉണ്ടായിരുന്നു എന്നും അതിന് പ്രതികാരം വീട്ടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. നാലുദിവസം മുമ്പ് പ്രതികൾ പഞ്ചറൊട്ടിക്കാൻ കടയിൽ എത്തിയിരുന്നു. എന്നാൽ പറഞ്ഞ സമയത്ത് പഞ്ചർ ഒട്ടിച്ച് നൽകിയില്ല. ഇതിന് പ്രതികാരം ചെയ്യാൻ കഴിഞ്ഞദിവസം രാത്രി ഇവർ സംഘടിച്ച് എത്തുകയായിരുന്നു. വന്നപാടെ കടയുടമയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു. കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പൊലീസ് ഉടൻതന്നെ പിടികൂടി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് തോക്ക് എങ്ങനെ ലഭിച്ചെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് തൃശൂരിൽ വീണ്ടും ഗുണ്ടാ ആക്രമണം നടക്കുന്നത്. അടുത്തടുത്തുണ്ടായ കൊലപാതകങ്ങളെത്തുടർന്ന് പൊലീസ് ഗുണ്ടാകേന്ദ്രങ്ങിൽ റെയ്ഡ് നടത്തുകയും നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.