
നമ്മുടെ നാട്ടിലെ റോഡുകളിൽ സ്ഥിരം കാഴ്‌ചയാണ് വാഹനമിടിച്ച് പരുക്കേറ്റതോ ജീവൻ നഷ്‌മായതോ ആയ മൃഗങ്ങൾ. നഗര ഗ്രാമ വഴികളിൽ മാത്രമല്ല വനങ്ങളിലൂടെയുളള യാത്രയിൽ പോലും വേഗം കുറക്കാതെ പായുന്ന മനുഷ്യൻ മൃഗങ്ങളുടെ ജീവന് അത്ര പ്രാധാന്യമേ കൽപ്പിക്കുന്നുളളൂ എന്നാണ് പൊതുവിലുളള ധാരണ. എന്നാൽ അതിൽനിന്ന് വ്യത്യസ്‌തമായി സഹജീവി സ്‌നേഹത്തിന്റെ മികച്ച മാതൃകയുമായി ഒരു വെറ്ററിനറി ബിരുദ വിദ്യാർത്ഥിനി.
രാജസ്ഥാനിലെ സിക്കറിലെ ആരവല്ലി വെറ്ററിനറി കോളേജിലെ നാലാംവർഷ വിദ്യാർത്ഥിനിയായ വിഭ തോമർ ആണ് ഈ മിടുക്കി. തെരുവിൽ അലയുന്ന നായ്‌ക്കൾക്ക് അപകടത്തിൽ നിന്നും രക്ഷനേടാൻ തിളങ്ങുന്ന റിഫ്ളക്‌ടീവ് ടേപ്പ് ബാൻഡുകൾ കഴുത്തിൽ കെട്ടി നൽകി വിഭ. ഇതിലൂടെ രാത്രിയിൽ നായ്‌ക്കളെ കാണാതെ വന്നിടിച്ച് അപകടമുണ്ടാകുന്നത് കുറയാൻ സഹായിക്കുമെന്നാണ് വിഭയുടെ കണക്ക് കൂട്ടൽ. ലോക്‌ഡൗൺ സമയത്ത് വാഹന ഗതാഗതം നിരോധിച്ച സമയത്ത് നായ്‌ക്കൾ റോഡിലൂടെ സ്വാതന്ത്ര്യത്തോടെ നടക്കാൻ തുടങ്ങി. എന്നാൽ വാഹനഗതാഗതം അനുവദിച്ചതോടെ ചീറിപ്പാഞ്ഞെത്തുന്ന വാഹനം തട്ടി നിരവധി നായ്‌ക്കൾക്ക് ജീവൻ നഷ്‌ടമായി. ഇതിന് പരിഹാരമായാണ് വിഭ ഈ മാർഗം കണ്ടെത്തിയത്.
തെരുവ്നായ്‌ക്കൾക്ക് വിശപ്പകറ്റാനും വിഭ സഹായമേകുന്നുണ്ട്. ദിവസവും നായ്‌ക്കൾക്ക് ഇഷ്‌മുളള ഭക്ഷണം പൊതിയിലാക്കി ഇവയ്‌ക്ക് നൽകും. നഗരത്തിലെ നായ്‌ക്കൾക്ക് വിഭയോട് വളരെയധികം സ്‌നേഹമാണെന്ന് സ്ഥലവാസികൾ പറയുന്നു.