
പ്രണയത്തിന്റെ സുന്ദര നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചെത്തിയ ദിൽവാലെ ദുൽഹനിയ ലേജായേംഗെ പിറന്നിട്ട് 25 വർഷം പിന്നിടുന്നു. ഇന്ത്യൻ സിനിമ ആസ്വാദകർ വീണ്ടും വീണ്ടും കണ്ട പ്രണയമായിരുന്നു രാജ് മൽഹോത്രയുടെയും (ഷാരൂഖ് ഖാൻ )സിമ്രാൻ സിംഗിന്റെയും (കജോൾ ).ബോളിവുഡിന്റെ  ഈ പ്രണയജോഡികളുടെ പ്രണയം പറഞ്ഞ ദിൽവാലെ ദുൽഹനിയ ലേജായേംഗെ ( ഡി.ഡി.എൽ.ജെ. ) ലോക സിനിമയിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ യുവത്വത്തിനും ഇവരുടെ പ്രണയം സ്ക്രീനിൽ കാണുമ്പോൾ നേർത്ത മഴത്തുള്ളി പോലെ മനോഹര കാഴചയാണ്. ഷോലയ്ക്ക് ശേഷം ഇന്ത്യൻ സിനിമാസ്വാദകർ ഏറ്റവും ആസ്വദിച്ച സിനിമകൂടിയായി ഡി.ഡി.എൽ.ജെ എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം. ആദിത്യ ചോപ്രയായിരുന്നു സംവിധായകൻ.
ലണ്ടനിലെ കിംഗ് ക്രോസ് സ്റ്റേഷനിലും സ്വിസർലൻഡിലെ ജുംഗ് ഫ്രൂവിലും സാനൻ ബ്രിഡ്ജിലും പഞ്ചാബിലെ കടുകുപാടത്തും പാടി ആഘോഷിച്ച പ്രണയാതുരമായ രാജും സിമ്രാനും ഇന്നും ഇന്ത്യൻ സിനിമ സ്നേഹികളും മനം കവർന്നുക്കൊണ്ടിരിക്കുകയാണ്. 1995 ഒക്ടോബർ 20 നായിരുന്നു ഈ പ്രണയമഴ തിയേറ്ററുകളിൽ എത്തിയത്. മുംബൈയിലെ മറാഠ മന്ദിറിൽ 1009 ആഴ്ചയാണ് തുടർച്ചയായി ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമയെന്ന ബഹുമതി നേടിയായിരുന്നു ഡി.ഡി.എൽ.ജെ വെള്ളിവെളിച്ചം വിട്ടത് .മുംബൈയുടെ ഹൃദയഭാഗത്താണ് മറാഠ മന്ദിർ സ്ഥിതിചെയ്യുന്നത്. ആദ്യമായി ഈ സിനിമ തിയേറ്റുകളിൽ കണ്ട യുവാക്കൾ ഇന്ന് മദ്ധ്യവയസ്ക്കരായി. എന്നിട്ടും ഈ സിനിമയെ എല്ലാ പ്രായത്തിലുള്ളവർ ഇന്നും ആഘോഷമാക്കുന്ന. അവസാന പ്രദർശനത്തിനു പോലും തിയേറ്ററിൽ ഹൗസ് ഫുള്ളായിരുന്നു. 
മുംബൈയിലെ മൾട്ടിപ്ലെക്സ് തിയേറ്ററുകളിൽ 500 രൂപവരെ നിരക്ക് ബാൽക്കണിയ്ക്ക് ഉള്ള സമയത്തും ഡി.ഡി.എൽ.ജെ കാണാൻ എത്തുന്നവർക്ക് ആദ്യ ടിക്കറ്റിന്റെ നിരക്കായ 20 രൂപ മാത്രമായിരുന്നു ചിത്രത്തിന്റെ അവസാന പ്രദർശനം വരെയും നിരക്ക് . എത്ര വർഷം പ്രദർശിപ്പിച്ചാലും ഇതേ നിരക്കിൽ ചിത്രം പ്രദർശിപ്പിക്കണമെന്ന തീരുമാനം മറാത്ത മന്ദിർ അധികൃതരുടെതായിരുന്നു.
ബോളിവുഡ് ലോകസിനിമയിലേക്ക് ഓടി കയറിയത് ഡി.ഡി.എൽ.ജെ എന്ന ചിത്രത്തിന്റെ കൈപ്പിടിച്ചായിരുന്നു. അന്നത്തെ പ്രണയിനികൾ മാത്രമല്ല ഇന്നത്തെ പ്രണയിനികളുടെയും മനം കവരുന്ന പ്രണയ ഗാനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ആകർഷണമായിരുന്നു. ആ മനോഹര ഗാനങ്ങളിൽ ഇന്ത്യൻ സിനിമാപ്രേമികൾ ഇന്നും നനയാറുണ്ട്. വർഷങ്ങൾ പോയി മറയുമ്പോഴും രാജിന്റെയും സിമ്രാന്റെയും പ്രണയവും ദിൽവാലെ ദുൽഹനിയ ലേജായേംഗെയും ഓരോ സിനിമ സ്നേഹികളുടേയും മനസ്സിൽ ഇന്നും ഗൃഹാതുരസ്മരണയാണ്.