pak

ന്യൂഡൽഹി: പാകിസ്ഥാനെ തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടികയിൽ (ഫിനാൻഷ്യൽ ആ‌ക്‌ഷൻ ടാസ്ക് ഫോഴ്സ്– എഫ് എ ടി എഫ്) നിന്ന് ഒഴിവാക്കിയേക്കില്ലെന്ന് റിപ്പോർട്ട്. എഫ് എ ടി എഫിന്റെ ഗ്രേലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിനായി പുറപ്പെടുവിച്ചിരുന്ന ആറിന നിർദ്ദേശങ്ങളിൽ പലതും പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകാത്തതാണ് കാരണം. മൗലാന മസൂദ് അസർ, ഹാഫിസ് സയിദ് തുടങ്ങിയ കൊടും ഭീകർക്കെതിരെ നടപടിയെടുക്കണമെന്നതുൾപ്പടെയുളളയാണ് നിർദ്ദേശങ്ങൾ.

തീവ്രവാദ വിരുദ്ധനിയമത്തിലെ നാലാം ഷെഡ്യൂൾ പ്രകാരം 7600 ഭീകരരുടെ പട്ടികയിൽ നിന്ന് നാലായിരത്തിലധികം തീവ്രവാദികളുടെ പേരുകൾ പെട്ടെന്ന് അപ്രത്യക്ഷമായതും പാകിസ്ഥാന് തിരിച്ചടിയായി. ഈ സാഹചര്യത്തി​ൽ പാകി​സ്ഥാൻ ഗ്രേ ലി​സ്റ്റി​ൽ തുടരുമെന്ന് ഏതാണ്ട് ഉറപ്പായി​രി​ക്കുകയാണ്. അമേരി​ക്ക, യു കെ​,ഫ്രാൻസ്, ജർമ്മനി​ തുടങ്ങി​യ രാജ്യങ്ങളാണ് എഫ് എ ടി എഫ് പട്ടി​കയി​ൽ പാകി​സ്ഥാനെ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തി​യത്. ഈ രാജ്യങ്ങൾക്ക് പാകി​സ്ഥാന്റെ ഇപ്പോഴത്തെ നടപടികൾ ഒട്ടും ഉൾക്കൊളളാനാകുന്നില്ലെന്നാണ് റിപ്പോർട്ട്. ഗ്രേലി​സ്റ്റി​ൽ തുടരുന്നതോടെ രാജ്യാന്തര തലത്തി​ൽ പണമി​ടപാടുകൾക്ക് തടസമാകും. ഇത് പാകിസ്ഥാനെ വികസന കാര്യത്തിൽ ഉൾപ്പടെ പിന്നിലാക്കും.