
കോഴിക്കോട്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. രാവിലെ 11.30 യോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്നാണ് സ്വീകരിച്ചത്.
വിമാനത്താവളത്തിൽ നിന്ന് കൊവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കാനായി രാഹുൽ മലപ്പുറത്തേക്ക് പോയി. യോഗത്തിന് ശേഷം പ്രളയത്തില്‍ മാതാപിതാക്കളും, സഹോദരങ്ങളും, വീടും നഷ്ടമായ മലപ്പുറം എടക്കരയിലെ കാവ്യ,കാര്‍ത്തിക എന്നീ പെൺകുട്ടികള്‍ക്കുള്ള വീടിന്‍റെ താക്കോൽ രാഹുൽ ഗാന്ധി കൈമാറും. കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചിലവഴിച്ച് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.
ഉച്ചയ്ക്ക് രണ്ടരയോടെ വയനാട്ടിലേക്ക് തിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടക്കുക. നാളെ വയനാട് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ബുധനാഴ്ച മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിരിച്ചുപോകും. എട്ട് മാസത്തിന് ശേഷമാണ് രാഹുൽ കേരളത്തിലെത്തുന്നത്