cpm

തിരുവനന്തപുരം: ഇടത് അനുഭാവമുളള സർക്കാർ ജീവനക്കാരിൽ നിന്ന് പരമാവധി ഫണ്ട് തിരഞ്ഞെടുപ്പ് ചെലവിലേക്ക് പിരിച്ചുനൽകാൻ സി.പി.എം നിർദേശം. 15 കോടി രൂപയാണ് വിഹിതം നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിലും ശമ്പളം പിടിക്കാനുളള ധനവകുപ്പിന്റെ തീരുമാനം മാറ്റിവയ്‌ക്കാൻ സി.പി.എം ആവശ്യപ്പെട്ടത്. സർവീസ് സംഘടനാ പ്രതിനിധികളും സി.പി.എം നേതാക്കളുമടങ്ങുന്ന പാർട്ടി ഫ്രാക്ഷനിലാണ് നിർദേശം. നിലവിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളിൽനിന്ന് കൂടുതൽ പിരിവുപറ്റില്ല. ഈ കുറവ് സർവീസ് സംഘടനകൾവഴി നികത്താനാണ് പാർട്ടി തീരുമാനം.

എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ, കെ.എസ്.ടി.എ. തുടങ്ങിയ ഇടതുസംഘടനകൾക്കാണ് സി.പി.എം നിർദേശം നൽകിയിരിക്കുന്നത്. അതേസമയം സാലറി കട്ടിന്റെ ആഘാതം വിട്ടുമാറും മുമ്പേ നടത്തുന്ന ഫണ്ടുപിരിവിൽ ജീവനക്കാരിൽ പ്രതിഷേധമുണ്ട്. സാമ്പത്തികബുദ്ധിമുട്ടുളളവർക്ക് ഇടത് യൂണിയനുകളുടെ നിയന്ത്രണത്തിലുള്ള എംപ്ലോയീസ് സഹകരണസംഘങ്ങൾ വഴി പലിശരഹിത വായ്പ ലഭ്യമാക്കാമെന്നാണ് നേതാക്കൾ വച്ച നിർദേശം. നേരത്തേ പാർട്ടി മുഖപത്രത്തിന്റെ വരിസംഖ്യ എടുക്കേണ്ട ഘട്ടത്തിൽ സഹകരണസംഘങ്ങൾവഴി വായ്പാപദ്ധതി നടപ്പാക്കിയിരുന്നു.

5000 മുതൽ 20,000 രൂപവരെയാണ് ഇടതു യൂണിയനുകൾ ഒരംഗത്തിൽനിന്ന് ഈടാക്കുന്നത്. ഗസറ്റഡ് ഓഫീസർമാർ പരമാവധി തുക നൽകണം. അംഗങ്ങൾ കുറഞ്ഞ മലപ്പുറം പോലുളള ജില്ലകളിൽ വ്യക്തിഗത വിഹിതം കൂടുതലാണെന്ന് ജീവനക്കാർ പറയുന്നു. സി.പി.എം ഇതര പാർട്ടിയിലുളളവരും സർവീസ് സംഘടന എന്നനിലയിൽ ഇടതുയൂണിയനുകളിൽ അംഗമായിട്ടുണ്ട്. അവർക്കും പിരിവ് ബാധകമാണ്. പാർട്ടി അംഗങ്ങൾ കൂടുതൽ വിഹിതം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.