ente-koodu

തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് കൊണ്ടുവന്ന പദ്ധതിയായ എന്റെ കൂട് പദ്ധതി ഇതുവരെ തുണയൊരുക്കിയത് സ്ത്രീകളും കുട്ടികളുമടക്കം ഏഴായിരത്തോളം പേർക്ക്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ എന്റെ കൂട് താൽക്കാലികമായി അടച്ചിരുന്നു. അവ വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

നേരത്തെ മറ്റ് ജില്ലകളിൽ നിന്ന് രാത്രി വൈകി ബസിലും ട്രെയിനിലുമായി തലസ്ഥാന നഗരത്തിലെത്തുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും റെയിൽവേ സ്റ്റേഷനിലെ റിട്ടയറിംഗ് റൂമുകളും പ്ളാറ്റ്ഫോമുകളായിരുന്നു ഏക അഭയം. തുടർന്നാണ് എന്റെ കൂട് എന്ന ആശയം സാമൂഹ്യനീതി വകുപ്പ് കൊണ്ടുവന്നത്. പൊലീസിന്റെ സുരക്ഷയും ലഭിക്കുമെന്നതിനാൽ സ്ത്രീകൾക്ക് അവിടം സുരക്ഷിത കേന്ദ്രമായിരുന്നു.


പ്രവേശനം ഇങ്ങനെ
തമ്പാനൂർ ബസ്‌ ടെർമിനലിന്റെ എട്ടാം നിലയിലാണ് 'എന്റെ കൂട്" പ്രവർത്തിക്കുന്നത്. നഗരത്തിലെത്തുന്ന നിർദ്ധനരായ സ്ത്രീകൾക്കും 12 വയസ് വരെയുള്ള കുട്ടികൾക്കും ഇവിടെ പ്രവേശനം ലഭിക്കും. വൈകിട്ട് അഞ്ചു മുതൽ രാവിലെ ഏഴു വരെ അമ്മമാർക്കും കുട്ടികൾക്കും സൗജന്യമായി സുരക്ഷിത വിശ്രമ സൗകര്യം ഉറപ്പു വരുത്തുന്ന രീതിയിലാണ് ക്രമീകരണം. തുടർച്ചയായി മൂന്നു ദിവസം വരെ ഈ സൗകര്യം വിനിയോഗിക്കാം. ഒരേസമയം 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ശീതീകരിച്ച മുറികളും അടുക്കളയും ടോയ്ലറ്റുകളും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സുരക്ഷയുള്ള ഇവിടെ ഭക്ഷണവും താമസവും സൗജന്യമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹികനീതി ഓഫീസറുടെ മേൽനോട്ടത്തിലാണ് പദ്ധതി. രണ്ട് വാച്ച്മാൻമാർ, മാനേജർ, രണ്ടു മിസ്ട്രസുമാർ എന്നിങ്ങനെ ആറുപേരാണ് മേൽനോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉള്ളത്.

തിരുവനന്തപുരം കൂടാതെ കോഴിക്കോട്ടും 'എന്റെ കൂട്" പ്രവർത്തിക്കുന്നുണ്ട്. ഇവിടെ 3000 പേർ ഇതുവരെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 'എന്റെ കൂട്" പദ്ധതി മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന കാര്യം ആരോഗ്യ,​ സാമൂഹ്യനീതി വകുപ്പ് ആലോചിച്ചു വരികയാണ്.