washing-machine

കോവിഡ് വൈറസ് പകരാതിരിക്കാൻ കറൻസി നോട്ടുകൾ അലക്കി ദക്ഷിണ കൊറിയക്കാർ. കറൻസി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയുന്നതിന് നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് അവ്നിൽ വച്ച് അണുനശീകരണം നടത്തും ഇവർ. സിയോളിനടുത്തുള്ള അൻസാൻ നഗരത്തിലാണ് ആദ്യത്തെ സംഭവം. കൊറോണ വൈറസിനെ തുരത്താൻ നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തയാൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. 50,000 വോണിന്റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാൾ വാഷിംഗ് മെഷീനിലിട്ടത്.

50,000 വോണിന്റെ ഒരു കറൻസിക്ക് തന്നെ 3000ത്തിലധികം ഇന്ത്യൻ രൂപയുടെ മൂല്യം വരും. വാഷിംഗ് മെഷീനിൽനിന്ന് പുറത്തെടുത്തപ്പോൾ തന്നെ നോട്ടുകൾ പലതും കീറിപ്പോയി. ഇവ മാറ്റിക്കിട്ടുമോ എന്നറിയാൻ ഇയാൾ ബാങ്ക് ഒഫ് കൊറിയയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

എന്നാൽ, താൻ കോവിഡിനെ തുരത്തുന്നതിനായി നോട്ടുകൾ അലക്കിയതാണെന്ന് ഇദ്ദേഹം ആദ്യം സമ്മതിച്ചില്ല. കുടുംബാംഗത്തിന്റെ ശവസംസ്‌കാര വേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായധനമാണ് ഇതെന്നാണ് അയാൾ ബാങ്കധികൃതരോട് പറഞ്ഞത്.

നിരന്തരമുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. ബാങ്ക് നിയമ പ്രകാരം മോശം നോട്ടുകൾക്ക് പകുതി മൂല്യം മാത്രമാണ് തിരികെ നൽകിയതെന്ന് ബാങ്ക് ഔദ്യോഗിക സ്ഥിരീകരണത്തിൽ പറഞ്ഞു. എണ്ണാൻ കഴിഞ്ഞ കീറിയ നോട്ടുകൾക്കാണ് പകുതി മൂല്യം നൽകിയതെന്നും എണ്ണാൻ കഴിയാത്ത നോട്ടുകളുടെ തുക കണക്കിലെടുത്തിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതർ പറഞ്ഞത്. എത്ര നോട്ടുകളാണ് ഇയാൾ കഴുകാൻ ശ്രമിച്ചതെന്ന് കൃത്യമായി വ്യക്തമല്ല. ബാങ്കിന്റെ നിയമമനുസരിച്ച് ഉപയോഗശൂന്യമായ നോട്ടുകളുമായി എത്തുന്ന ഒരാൾക്ക് പരമാവധി തിരിച്ചു നൽകാവുന്ന തുക 23 ദശലക്ഷം വോൺ (19,320 ഡോളര്‍) ആണ്. അതായത് ഏകദേശം പതിനാലര ലക്ഷം രൂപ.

സമാനമായ മറ്റൊരു സംഭവവും കൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു നോട്ട് അണുനശീകരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത് മൈക്രോവേവ് അവ്നിലാണ്. കൊവിഡ് ഭീതിയിൽ നോട്ടുകൾ മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാൾക്കും നഷ്ടം സംഭവിച്ചു. എന്നാൽ, വാഷിംഗ് മെഷീനിൽ ഇട്ട് നോട്ടുകൾ അലക്കിയ വ്യക്തിക്കുണ്ടായ അത്രയും നാശനഷ്ടം കിമ്മിനുണ്ടായിട്ടില്ലെന്നും ബാങ്ക് ചൂട്ടിക്കാട്ടിയിട്ടുണ്ട്.