
ബെൽജിയം: പക്ഷി സ്നേഹികൾക്ക് വളരെയേറെ ഇഷ്ടമുള്ളൊരു കാര്യമാണ് പ്രാവ് വളർത്തൽ. എന്നാൽ ഒരു പ്രാവിന്റെ വില ഒമ്പത് കോടിയിലധികം രൂപയെന്നു കേട്ടാൽ ആരാണ് ഞെട്ടാത്തത്. അർമാന്റോ എന്നാണ് പ്രാവിന്റെ പേര്. പ്രാവ് പറത്തൽ മത്സരത്തിനു വേണ്ടി പ്രത്യേകം വളർത്തിയ പ്രാവാണിത്. ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന ലേലത്തിലാണ് ഇത്രയും വലിയ തുക പ്രാവിന് ലഭിച്ചത്. ലേലത്തിൽ രണ്ട് ചൈനക്കാർ മത്സരിച്ച് വില പറഞ്ഞപ്പോൾ പ്രാവ് വിറ്റുപോയത് 1.25 ദശലക്ഷം യൂറോയ്ക്ക്. അതായത് ഏകദേശം 9 കോടി 79 ലക്ഷം രൂപ. ഒറ്റ പറക്കലിൽ വളരെയേറെ ദൂരം താണ്ടാൻ കഴിയും എന്ന റെക്കാഡ് ഈ പ്രാവിന് സ്വന്തമാണ്. മുൻ റെക്കാഡ് തുക 3.76 ലക്ഷം യൂറോയായിരുന്നു. ഒരു പ്രാവിന് ഒരു ദശലക്ഷം യൂറോ വില കടക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. പീജ്യൺ പാരഡൈസ് എന്ന വെബ്സൈറ്റാണ് ലേലം നടത്തിയത്. ആർക്കാണ് വിൽപ്പന നടത്തിയത് എന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല. ബെൽജിയം, ബ്രിട്ടൺ, ഫ്രാൻസ്, നെതർലാന്റ്സ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന വിനോദമാണ് പ്രാവ് പറത്തൽ. 178 പ്രാവുകളും കുഞ്ഞുങ്ങളും ഉൾപ്പെട്ട ലേലത്തിൽ നടന്നത് 17 കോടി രൂപയുടെ വില്പന.