
ശ്ലോകം 4
ആരായുകിൽ തിരകൾ നീരായിടുന്നു ഫണി
നാരായിടുന്നു കുടവും
പാരായിടുന്നതിനു നേരായിടുന്നുലക-
മോരായ് കിലുണ്ടഖിലവും
വേരായ നിൻകഴലിലാരാധനം തരണ-
മാരാലിതിന്നൊരുവരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ രാജയോഗ ജനനി!
സാരം
അന്വേഷിച്ചു നോക്കിയാൽ നുരഞ്ഞു പൊന്തുന്ന തിരമാലകൾ ജലം തന്നെയാണെന്ന വാസ്തവം ബോദ്ധ്യമാവും. മങ്ങിയ വെളിച്ചത്തിൽ ബുദ്ധിഭ്രമം കാരണം കയറിൽ കാണുന്ന പാമ്പ് കയറു തന്നെയാണെന്ന വാസ്തവം വ്യക്തമായും അറിയാൻ കഴിയും. മണ്ണുകൊണ്ട് നിർമ്മിതമായ കുടത്തിന്റെ അധിഷ്ഠാന വസ്തു മണ്ണ് തന്നെയാണെന്ന് ചിന്തിച്ചാൽ മനസിലാവുന്നതേ ഉള്ളൂ. ഇതിനൊക്കെ പകരമായ് വലിയ ഒരു ഉദാഹരണമാണ് പഞ്ചഭൂത സമ്മിശ്രത്താൽ നിർമ്മിതമായ ഈ പ്രപഞ്ചം.. അന്വേഷിച്ചറിയാൻ ശ്രമിക്കാത്തവർക്ക് ഈ ലോകവും വാസ്തവത്തിൽ ഉള്ളതു തന്നെ എന്ന് തോന്നും , സർവതിനും ആധാരഭൂതയായ് നിലകൊള്ളുന്ന അല്ലയോ അമ്മേ നിൻ പാദങ്ങളിൽ എനിക്ക് അഭയം തരണം.. ഉടൻ തന്നെ ഈ സത്യബോധം ഉളവാകുവാൻ ഒരു വരവും തരണം. സത്യമായ് എഴുന്നള്ളി വന്നീടുക അഷ്ടാംഗ യോഗ സാധനാ മാർഗങ്ങളായ (യമം നിയമം ആസനം പ്രാണായാമം പ്രത്യാഹാരം ധാരണ ധ്യാനം സമാധി ) എന്നീ പടവുകളിലുടെ ജീവാത്മ പരമാത്മ സംയോഗത്തിന്റെ ശ്രേഷ്ഠ സാധനാതലമായ രാജയോഗത്തിന്റെ പൂർണതയിലേക്ക് കൈപിടിച്ചുയർത്തി ബ്രഹ്മസാക്ഷാത്ക്കാരം സാധ്യമാക്കിത്തരുവാൻ കഴിവുള്ള അല്ലയോ അമ്മേ രക്ഷിച്ചാലും ! എഴുന്നള്ളി വന്നീടുക. ഹേ ! രാജയോഗ ജനനി സഹായ വഴിയായ് വേറാരുമില്ല.
വ്യാഖ്യാനം: സ്വാമി പ്രണവ സ്വരൂപാനന്ദ ,
ശ്രീ നാരായണ തപോവനം,
ചേർത്തല ആലപ്പുഴ. ഫോൺ:9562543153.