sivasankar

കോഴിക്കോട്: യു.എ. ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സർക്കാർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ശിവശങ്കർ വഴിയാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിന്റെ വിശദാംശങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതോടെയാണ് പിണറായി വിജയൻ അന്വേഷണത്തെ തടസപ്പെടുത്താനുളള ശ്രമം നടത്തുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിൽ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഡിജിറ്റൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായതായാണ് കേസിലെ പ്രധാന കണ്ണിയായ ശിവശങ്കറിനെ രക്ഷിച്ചെടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കർ വഴിയാണ് നടപ്പിലായത്. ഡോളർ കൈമാറ്റം ഉൾപ്പടെ നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശിവശങ്കറിന് ഒരു രോഗവുമില്ല. നടുവേദനയടക്കം എല്ലാം തട്ടിപ്പാണ്. ഹൃദയസംബന്ധമായോ തലച്ചോറുമായോ ബന്ധപ്പെട്ട് യാതൊരു അസുഖവുമില്ല. അദ്ദേഹത്തിന്റെ തലച്ചോറും ഹൃ‌ദയവുമെല്ലാം പിണറായിയാണ്. ശിവശങ്കറിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി യു.എ.ഇ കോൺസുലേറ്റ് വഴി എല്ലാ ഇടപാടും നടത്തിയത്. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങളാണ് ശിവശങ്കർ സംരക്ഷിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.